പാലക്കാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് അധ്യാപികയുടെ ക്രൂരമര്‍ദനം; ചെവിക്കും പല്ലിനും പരിക്ക്
പാലക്കാട് നഗരത്തിലെ എയ്ഡഡ് സ്കൂളിലെ പ്രധാനാധ്യാപികക്കെതിരെയാണ് രക്ഷിതാക്കളുടെ പരാതി. ചെവിക്കും പല്ലിനും പരിക്കേറ്റ വിദ്യാര്‍ഥി പാലക്കാട് ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.
സ്കൂള്‍ വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിച്ചതായി പരാതി. പാലക്കാട് നഗരത്തിലെ എയ്ഡഡ് സ്കൂളിലെ പ്രധാനാധ്യാപികക്കെതിരെയാണ് രക്ഷിതാക്കളുടെ പരാതി. ചെവിക്കും പല്ലിനും പരിക്കേറ്റ വിദ്യാര്‍ഥി പാലക്കാട് ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.
ക്ലാസ് അധ്യാപികയെ അന്വേഷിച്ച് വരാന്തയിലൂടെ ഓടുകയായിരുന്നു അഞ്ചാംക്ലാസുകാരനായ വിദ്യാര്‍ഥി. ഇതിനിടെ അകാരണമായി കുട്ടിയുടെ മുഖത്തടിച്ചു എന്നാണ് പരാതി. ചെവിക്കും മുഖത്തും നീരു വന്ന കുട്ടിയെ വീട്ടുകാര്‍ പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചു. പരിക്കുപറ്റിയ കുട്ടിയുടെ പല്ല് എടുത്തുമാറ്റേണ്ടി വരുമെന്ന് ഡോകടര്‍മാര്‍ നിര്‍ദേശിച്ചതായി രക്ഷിതാക്കള്‍ പറഞ്ഞു. പ്രധാനാധ്യാപിക മുമ്പും കുട്ടികളുടെ മുഖത്തടിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. പാലക്കാട് സൌത്ത് പൊലീസ് സ്റ്റേഷനില്‍ അധ്യാപികക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴിയെടുത്തു. എന്നാല്‍ മനപൂര്‍വം കുട്ടിയുടെ മുഖത്തടിച്ചിട്ടില്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞു.