മലബാര്‍ സിമന്റ്സ് അഴിമതിക്കേസ്: ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടിയില്ല

Update: 2018-05-12 14:00 GMT
മലബാര്‍ സിമന്റ്സ് അഴിമതിക്കേസ്: ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടിയില്ല
Advertising

വിജിലന്‍സ് കേസെടുത്ത നാല് ഉദ്യോഗസ്ഥരാണ് ഇപ്പോഴും പഴയ തസ്തികയില്‍ തന്നെ തുടരുന്നത്

Full View

മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ ഉള്‍പ്പെട്ട ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടിയില്ല. വിജിലന്‍സ് കേസെടുത്ത നാല് ഉദ്യോഗസ്ഥരാണ് ഇപ്പോഴും പഴയ തസ്തികയില്‍ തന്നെ തുടരുന്നത്. ഇവരെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് വി എസ് അച്യുതാനന്ദന്‍ കത്ത് നല്‍കിയിരുന്നു.

അഴിമതിക്കേസില്‍ മലബാര്‍ സിമന്റ്സ് എംഡി കെ പത്മകുമാറിനെ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ ഇതേ കാലയളവില്‍ കേസില്‍പെട്ട നാല് ഉദ്യോഗസ്ഥര്‍ ഇപ്പോഴും ജോലിയില്‍ തുടരുകയാണ്. 50 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി പിന്‍വലിച്ച കേസില്‍ ഹൈകോടതി നിര്‍ദ്ദേശ പ്രകാരമാണ് ലീഗല്‍ ഓഫീസറായ പ്രകാശ് ജോസഫിനെതിരെ വിജിലന്‍സ് കേസ് എടുത്തത്. വന്‍കിട ഡീലര്‍മാര്‍ക്ക് വഴിവിട്ട സഹായം ചെയ്തതിലൂടെ മലബാര്‍ സിമന്‍റ്സിന് 2 കോടി 70 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയതിനാണ് ഡെപ്യൂട്ടി മാര്‍ക്കറ്റിങ്ങ് മാനേജറായ ജി.വേണുഗോപാലിനെതിരായ കേസ്.

അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയില്‍ അഴിമതി നടത്തിയെന്ന പരാതിയില്‍ മെറ്റിരിയല്‍സ് വിഭാഗം ഡെപ്യൂട്ടി മാനേജര്‍ ജി നമശിവായത്തിനെതിരെയും
ക്രമകേടുകള്‍ക്ക് കൂട്ടുനിന്നതിന് ഫിനാന്‍സ് മാനേജര്‍ കെ നരേന്ദ്രനാഥിനെതിരെയും കേസെടുത്ത് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയതാണ്. എന്നാല്‍ ഇപ്പോഴും ഈ ഉദ്യോഗസ്ഥര്‍ ജോലിയില്‍ തുടരുകയാണ്.

ഈ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ വ്യവസായമന്ത്രിക്ക് കഴിഞ്ഞ മാസം 22ന് കത്തയച്ചിരുന്നു. എന്നാല്‍ മന്ത്രിയോ സര്‍ക്കാറോ ഇത് പരിഗണിച്ചില്ല. അസംസ്കൃത വസ്തുക്കളില്ലാത്തതിനാല്‍ കഴിഞ്ഞ 10 ദിവസമായി മലബാര്‍ സിമന്‍റ്സിന്‍റെ വാളയാര്‍ യൂണിറ്റ് അടഞ്ഞുകിടക്കുകയാണ്.

Tags:    

Similar News