ഐഎസ് ബന്ധമുള്ള അഞ്ച് കണ്ണൂര്‍ സ്വദേശികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
കഴിഞ്ഞ ദിവസം ഐഎസ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്തവരില്‍ നിന്നാണ് വിവരം ലഭിച്ചതെന്നും പൊലീസ്
ഐഎസില്‍ പ്രവര്‍ത്തിച്ചുവരുന്ന കണ്ണൂര്‍ സ്വദേശികളായ അഞ്ച് പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. ഇവരില്‍ നാല് പേര്‍ കുടുംബത്തോടൊപ്പമാണ് സിറിയയിലുളളത്. കഴിഞ്ഞ ദിവസം ഐഎസ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്തവരില്‍ നിന്നാണ് വിവരം ലഭിച്ചതെന്നും പൊലീസ് പറഞ്ഞു.
തലശേരി, വളപട്ടണം സ്വദേശികളായ അഞ്ച് പേരെ ഐഎസ് ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഐഎസില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സ്വദേശികളെക്കുറിച്ചുളള വിവരം ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. കുറ്റ്യാട്ടൂര്‍ ചെക്കിക്കുളത്തെ അബ്ദുള്‍ ഖയ്യൂബ്, വളപട്ടണം സ്വദേശി അബ്ദുള്‍ മനാഫ്, ഭാര്യ മാങ്കടവ് സ്വദേശിനി ഷംസീറ, മൂപ്പന്‍പാതറ സ്വദേശി ഷബീര്‍, ഭാര്യ നസിയ, ഇയാളുടെ ബന്ധു കൂടിയായ വളപട്ടണം മന്ന സ്വദേശി സുഹൈല്‍, ഭാര്യ റിസ്വാന, പാപ്പിനിശേരി പഴഞ്ചിറപ്പളളി സ്വദേശി സഫ്വാന്‍ എന്നിവരാണ് സിറിയയില്‍ ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായി പൊലീസ് പറയുന്നത്. ഇവരുടെ ചിത്രങ്ങളും കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്‍ പുറത്ത് വിട്ടിട്ടുണ്ട്.
സിറിയയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പോലീസ് സംശയിക്കുന്ന പാപ്പിനിശേരി സ്വദേശി ഷെമീറിന്‍റെ മകനാണ് സഫ്വാന്‍. നിലവില്‍ പൊലീസ് കസ്റ്റഡിയിലുളള റസാഖ്, മിഥിലാജ് എന്നിവര്‍ സിറിയയിലെത്തിയപ്പോള്‍ വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്തത് മനാഫും ഭാര്യയുമാണെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ വെളിപ്പെടുത്തിയതായും പൊലീസ് പറയുന്നു