കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു
മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം ശരീരത്തിലുണ്ടെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്
കലാഭവന്‍ മണിയുടെ ശരീരാവശിഷ്ടങ്ങളില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തി. ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് വിഷമദ്യത്തിന്റെ അംശം കണ്ടെത്തിയത്. അതേസമയം പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയില്ല.
അന്തരിച്ച പ്രമുഖ ചലച്ചിത്ര നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എറണാകുളം കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ ക്ലോര്‍പൈറിഫോസിന്റെ അംശം ഉണ്ടെന്നായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാല്‍ ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയുടെ അംശം ഇല്ലെന്ന് സ്ഥിരീകരിച്ചു. അതേസമയം വിഷമദ്യമായ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം പരിശോധയില്‍ കണ്ടെത്തി. ഇതോടെ വഴിമുട്ടിയ അന്വേഷണം ഊര്‍ജിതമായേക്കും.
വിഷമദ്യം എങ്ങനെ എവിടെ നിന്ന് ലഭിച്ചു, ആരാണ് ഇത് നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ ഇനി അന്വേഷിക്കേണ്ടി വരും. കലാഭവന്‍ മണി മരിക്കുന്നതിന് മുന്‍പും ശേഷവും ശരീരത്തില്‍ നിന്ന് ശേഖരിച്ച രക്തം, മൂത്രം, ആന്തരികാവയവങ്ങള്‍ എന്നിവയുടെ സാമ്പിളുകളാണ് ഹൈദരാബാദിലെ ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്ക് അയച്ചിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുന്‍പത്തെ രാത്രി അദ്ദേഹത്തിന്റെ പാഡിയില്‍ സുഹൃത്തുക്കളോടൊപ്പം മദ്യസത്കാരം നടത്തിയിരുന്നു. എന്നാല്‍ മണി വിഷമദ്യം കഴിച്ചിട്ടില്ലെന്നായിരുന്നു സുഹൃത്തുക്കളില്‍ നിന്ന് നേരത്തെ മൊഴി ലഭിച്ചിരുന്നത്.