മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന് പിടിവാശിയില്ല: പെരിയാര്‍ വൈഗ കര്‍ഷക സംഘം
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന പിടിവാശി തമിഴ്നാട്ടുകാര്‍ക്കില്ലെന്ന് പെരിയാര്‍ വൈഗ കര്‍ഷക സംഘം പ്രസിഡന്റ് കെ എം അബ്ബാസ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന പിടിവാശി തമിഴ്നാട്ടുകാര്‍ക്കില്ലെന്ന് പെരിയാര്‍ വൈഗ കര്‍ഷക സംഘം പ്രസിഡന്റ് കെ എം അബ്ബാസ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നിലപാട് 37 വര്‍ഷത്തിന് ശേഷം ഇരു സംസ്ഥാനങ്ങളും തമ്മില്‍ സമാധാനാന്തരീക്ഷം കൊണ്ടുവന്നു. കേരളത്തിന്റെ സുരക്ഷ, വൈദ്യുതിയാവശ്യങ്ങള്‍ക്ക് കര്‍ഷകര്‍ തമിഴ്നാട് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം ഉപയോഗിക്കുന്ന തമിഴ്നാട്ടിലെ അഞ്ച് ജില്ലയിലുള്ള കര്‍ഷകരുടെ നേതാവായ കെ എം അബ്ബാസിന്റെ നിലപാടാണ് തമിഴ്നാട്ടിലെ ഭൂരിഭാഗം ആളുകളുടേതും. അണക്കെട്ടിന് ബലക്ഷയമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വന്നതോടെ ജലനിരപ്പ് സംബന്ധിച്ച് കടുംപിടുത്തം വേണ്ടെന്നും എന്ത് ചര്‍ച്ചക്കും തയ്യാറാകാമെന്നുമുള്ള നിലപാടാണ് കര്‍ഷകര്‍ക്ക്. വര്‍ഷത്തില്‍ ഓഗസ്റ്റ്-സെപ്റ്റംബര്‍, നവംബര്‍-,ഡിസംബര്‍ മാസങ്ങളില്‍ മാത്രം 142 അടിയിലധികം ജലമുയര്‍ത്തിയാല്‍ മതി. 152 അടി ജലനിരപ്പ് ഉയര്‍ത്തണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന പിടിവാശിയില്ലെന്നും കെ എം അബ്ബാസ് വ്യക്തമാക്കി.
സുപ്രീം കോടതി വിധി പാലിക്കുന്നതിനാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത 152 അടിയാക്കി ജലനിരപ്പുയര്‍ത്തണമെന്ന നിലപാട് സ്വീകരിച്ചതെന്നും പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ട് കേരളം മുന്നോട്ട് വരികയാണെങ്കില്‍ തമിഴ്നാട്ടില്‍ നിന്ന് വൈദ്യുതി നല്‍കാന്‍ സര്‍ക്കാറില്‍ കര്‍ഷകര്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷത്തിലെ പിണറായി വിജയന്റെ നിലപാട് തമിഴ്നാട്ടിലെ വാരികകളും പത്ര ദൃശ്യമാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.