ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ മോചിപ്പിച്ചു
ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കോഴിക്കോട് പേരാമ്പ്ര സ്വദേശി റെജി ജോസഫ് മോചിതനായി.
ആഭ്യന്തരയുദ്ധം നടക്കുന്ന ലിബിയയില്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ മലയാളി റെജി ജോസഫ് മോചിതനായി. വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ലിബിയയിലെ ഇന്ത്യന്‍ എംബസിയുടെ ശ്രമഫലമായാണ് റെജി ജോസഫ് മോചിതനായതെന്നും സുഷമാ സ്വരാജ് അറിയിച്ചു.
പേരാമ്പ്ര ചെമ്പ്ര കേളോത്ത് വയല്‍ നെല്ലിവേലില്‍ റെജി ജോസഫിനെയും മൂന്ന് സഹപ്രവര്‍ത്തകരെയും കഴിഞ്ഞ മാര്‍ച്ച് 31 നാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ലിബിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ അസര്‍ എഎച്ച് ഖാന്റെ പ്രവര്‍ത്തനഫലമായാണ് റെജി ജോസഫ് മോചിതനായതെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ലിബിയയിലെ സിവിലിയന്‍ രജിസ്‌ട്രേഷന്‍ അതോറിറ്റി പ്രൊജക്ടില്‍ രണ്ടുവര്‍ഷമായി ജോലിചെയ്യുകയാണ് റെജി. നഴ്‌സായ ഭാര്യക്കും മൂന്നു മക്കള്‍ക്കുമൊപ്പമാണ് താമസം. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ താമസ സ്ഥലത്തുനിന്ന് ജോലിക്കുപോകുമ്പോഴാണ് റെജിയെ തട്ടിക്കൊണ്ടുപോയത്. റെജിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയതായി സ്ഥാപനമേലധികാരി ഭാര്യ ഷിനുജയെ അറിയിക്കുകയായിരുന്നു. റെജി ജോലിചെയ്തിരുന്ന പ്രോജക്ടിന്റെ വെബ്സൈറ്റ് മാര്‍ച്ച് പകുതിയോടെ ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു. അതിനുശേഷം ജോലിക്ക് പോയിരുന്നില്ല. സൈറ്റ് ശരിയാക്കിയതായി സ്ഥാപനം അറിയച്ചതിനെത്തുടര്‍ന്നാണ് 31ന് വീണ്ടും ജോലിക്ക് പോയത്.
2007ല്‍ ജോലിയ്ക്കായി ലിബിയയിലേക്ക് പോയ റെജി ആഭ്യന്തരപ്രശ്നങ്ങളെത്തുടര്‍ന്ന് 2010 ല്‍ നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. പ്രശ്നങ്ങള്‍ അവസാനിച്ചതിനെത്തുടര്‍ന്ന് 2014ല്‍ വീണ്ടും പോവുകയായിരുന്നു.