'പത്തനംതിട്ടയുടെ സബര്‍മതി'
ഗാന്ധിജി സന്ദര്‍ശിച്ചയിടം പിന്നീട് പഞ്ചായത്ത് ഓഫീസായി
രാജ്യം എഴുപതാം സ്വാതന്ത്ര്യദിനമാഘോഷിക്കുമ്പോള്‍ പത്തനംതിട്ടയിലെ ഇലന്തൂര്‍ പഞ്ചായത്തിന്റെ അസ്ഥാനം മഹാത്മാ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ 79ാം വാര്‍ഷികം ആഘോഷിക്കുകയാണ്. മഹാത്മാ ഗാന്ധിയുടെ സന്ദര്‍ശനത്തിന് വേദിയായ മൈതാനം പിന്നീട് സ്വതന്ത്ര ഇന്ത്യയിലെ ഒരു പഞ്ചായത്ത് ആസ്ഥാനമായ കഥയാണ് ഇലന്തൂരിന് പറയാനുള്ളത്.
സ്വാതന്ത്യ സമരം കൊടുംമ്പിരി കൊണ്ടിരുന്ന 1937ലെ ജനുവരി മാസത്തിലാണ് സമരചരിത്രത്തിന്റെ ഭാഗമാകാന്‍ പത്തനംതിട്ടയിലെ ഈ ഉള്‍നാടന്‍ ഗ്രാമത്തിന് അവസരം ലഭിച്ചത്. സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടുപേര്‍ ഇലന്തൂരില്‍ നിന്നുള്ളവരായിരുന്നു. കെ കുമാര്‍ജിയും, ഖദര്‍ദാസ് ഗോപാലപിള്ളയും. ഇവരാണ് ഗാന്ധിജിയെ ഇലന്തൂരിലെത്തിച്ചത്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഭാഗമാകാനുള്ള ഒരു ജനതയുടെ അടങ്ങാത്ത ആവേശം മാത്രമായിരുന്നില്ല ഗാന്ധിജിയെ ഇവിടെയെത്തിക്കാനുള്ള ശ്രമത്തിന് പിന്നില്‍. സവര്‍ണമേധാവിത്തത്തിനെതിരായ പ്രതിരോധം തീര്‍ക്കല്‍ കൂടിയായിരുന്നു അത്.
ഗാന്ധിജിയുടെ സ്മരണാര്‍ഥം സന്ദര്‍ശനത്തിന് സാക്ഷിയായ കെട്ടിടം അതേപടി നിലനിര്‍ത്തുകയും പിന്നീട് ജനാധികാരത്തിന്റെ പ്രതീകമായ പഞ്ചായത്ത് ഓഫീസാക്കി മാറ്റുകയും ചെയ്തു. ചരിത്രമുറങ്ങുന്ന മൈതാനത്ത് പതിറ്റാണ്ടുകള്‍ക്കിപ്പുറം സന്ദര്‍ശന സ്മാരകവും പണികഴിപ്പിച്ചു. സ്വാതന്ത്ര സമരചരിത്രത്തിനൊപ്പം ദളിത് അവകാശപ്പോരാട്ടങ്ങളുടെയും ചരിത്രത്തില്‍ പരിമിതികള്‍ക്കിടയിലും ഈ പഞ്ചായത്ത് ആസ്ഥാനം പത്തനംതിട്ടയുടെ സബര്‍മതിയായി തലയുയര്‍ത്തി നില്‍ക്കുകയാണ്.