കേരളം വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുന്നു
വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ ഈ നില തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം
നാല് വര്‍ഷമായി കേരളത്തിലെ ചൂട് 34 ഡിഗ്രിക്ക് മുകളിലാണ്. ഈ വര്‍ഷമാണ് കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്. ശരാശരി 36 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ വര്‍ധനവുണ്ടായി. വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ ഈ നില തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.
ഒരു കാലത്ത് റേഡിയോ നിലങ്ങളില്‍ നിന്നുള്ള കാലാവസ്ഥ അറിയിപ്പുകളില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പ്രദേശങ്ങള്‍ പാലക്കാടും പുനലൂരുമായിരുന്നു. എന്നാല്‍ 2010ന് ശേഷമുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ തിരുവനന്തപുരം തുടങ്ങി എല്ലാ ജില്ലകളും ചൂട് കൂടിയ പ്രദേശങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു. ചില റിപ്പോര്‍ട്ടുകള്‍ നോക്കാം. 2013 ല്‍ കേരളത്തിലെ ശരാശരി ചൂട് 34.5 ഡിഗ്രി, 2014ല്‍ 35.2 ഡിഗ്രിയായി, 2015 ല്‍ 34.7 ഡിഗ്രി രേഖപ്പെടുത്തി. ഈ വര്‍ഷം കുത്തനെ കൂടി. 36 ഡിഗ്രിയാണ് നിലവിലെ ശരാശരി ചൂട്.
ഇന്നലത്തെ കാലാവസ്ഥ റിപ്പോര്‍ട്ടില്‍ പാലക്കാട് 39.4 ഡിഗ്രിയാണ്. ഈ വര്‍ഷം പാലക്കാട് പല ദിവസങ്ങളിലും നാല്‍പത് ഡിഗ്രിക്ക് മുകളില്‍ ചൂട് കൂടിയിട്ടുണ്ട്. തെക്കന്‍ ജില്ലകളേക്കാള്‍ റെക്കോര്‍ഡ് ചൂട് അനുഭവപ്പെട്ടത് വടക്കന്‍ ജില്ലകളിലാണ്. കണ്ണൂരില്‍ 38.5 ഡിഗ്രി, കോഴിക്കോട് 36.5 ഡിഗ്രി, പുനലൂര്‍ 37.5 ഡിഗ്രി, ആലപ്പുഴ 36.6 ഡിഗ്രി ബാക്കിയുള്ള ജില്ലകളിലെല്ലാം 33 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്.