മണ്ഡല തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു
സ്ഥാനമൊഴിയുന്ന മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയാണ് നട തുറന്നത്
മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്തും മാളിക്കപ്പുറത്തും പുതിയ മേല്‍ശാന്തിമാര്‍ സ്ഥാനമേറ്റു. നാളെ വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തി നട തുറക്കുന്നതോടെ ഇത്തവണത്തെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കമാകും.
വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് ഇ ശങ്കരൻ നമ്പൂതിരിപ്പാട് ശ്രീകോവില്‍ തുറന്ന് നെയ്‍വിളക്ക് തെളിയിച്ചു. തുടര്‍ന്ന് ആചാരപ്രകാരം ആഴിയിലേക്ക് അഗ്നിപകർന്നതോടെയാണ് ഇത്തവണത്തെ മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായത്. പതിനെട്ടാം പടിക്ക് താഴെ ഇരുമുടിക്കെട്ടുമായി എത്തിയ നിയുക്ത മേല്‍ശാന്തിമാരെ പടിയിറങ്ങുന്ന മേല്‍ശാന്തി സ്വീകരിച്ച് പതിനെട്ട് പടികളും കയറ്റി ശ്രികോവിലിന് മുന്നിലേക്ക് ആനയിച്ചു. വൈകിട്ട് ആറ് മണിക്ക് ശേഷമാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ സന്നിധാനത്ത് നടന്നത്. ശബരിമല മേല്‍ശാന്തിയുടെ സ്ഥാനാരോഹണം സന്നിധാനത്തും മാളികപ്പുറം മേല്‍ശാന്തിയുടെ സ്ഥാനാരോഹണം മാളികപ്പുറത്തും നടന്നു. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍.
രാത്രി 10 മണിക്ക് ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ നിലവിലെ മേല്‍ശാന്തിമാർ പടിയിറങ്ങും. നാളെ വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാകും നട തുറക്കുക. ഡിസംബര്‍ 26ന് മണ്ഡലപൂജയ്ക്ക് ശേഷം നട അടയ്ക്കും. പിന്നെ മകരവിളക്കിനായി ഡിസംബര്‍ 30നായിരിക്കും നട തുറക്കുക. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം.