അപ്രതീക്ഷിതം സുധീരന്റെ വരവും പോക്കും
സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയം അടക്കിവാണ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും താല്പര്യങ്ങളെ അവഗണിച്ചായിരുന്നു ഹൈകമാന്‍ഡ് കെപിസിസി അധ്യക്ഷനായി വി എം സുധീരനെ നിയമിച്ചത്
അപ്രതീക്ഷിതമായാണ് കെപിസിസി അധ്യക്ഷ പദവിയിലേക്ക് വി എം സുധീരന്‍ കടന്നുവന്നത്. സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയം അടക്കിവാണ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും താല്പര്യങ്ങളെ അവഗണിച്ചായിരുന്നു ഹൈകമാന്‍ഡ് കെപിസിസി അധ്യക്ഷനായി വി എം സുധീരനെ നിയമിച്ചത്. സുധീരന്റെ പടിയിറക്കവും നേതാക്കളെയും പ്രവര്‍ത്തകരെയും സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിതം.
ഗ്രൂപ്പ് നേതാക്കള്‍ കൂടിയായ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന പട്ടികയായിരുന്നു കേരളത്തിലെ ഓരോ നിയമനങ്ങളിലും ഹൈകമാന്‍ഡ് മാനദണ്ഡം. ഇതിനൊരുമാറ്റം സംഭവിച്ചത് സുധീരനെ കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് ഹൈകമാന്‍ഡ് പ്രഖ്യാപിച്ചതോടെയായിരുന്നു. അന്നത്തെ സ്പീക്കറായിരുന്ന ജി കാര്ത്തികേയന്റെ പേരാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് നിര്‍ദേശിച്ചത്. ഇത് അവഗണിച്ച് സുധീരനെ നിയോഗിച്ചത് ഓര്‍ക്കാപ്പുറത്തേറ്റ അടിയായിരുന്നു ഇരുവര്‍ക്കും. കെപിസിസി പദവിയില്‍ സുധീരന്‍ തന്റെ പതിവ് ശൈലിയില്‍ മുന്നോട്ട് പോയപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ് രാഷ്ടീയം പലപ്പോഴും കലങ്ങി മറിഞ്ഞു. പാര്‍ട്ടിയും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാറും പലപ്പോഴും പ്രതിസന്ധിയിലായി. പക്ഷെ സുധീരന്റെ ശൈലിക്ക് മാറ്റമൊന്നുമുണ്ടായില്ല.
സുധീരനെതിരെ പരാതിപ്പെടാന്‍ പോയ നേതാക്കള്‍ക്ക് ഹൈകമാന്‍ഡിനടുത്ത് നിന്ന് നിരാശരായി മടങ്ങേണ്ടി വന്നത് പല തവണ. സംസ്ഥാനത്തെ പ്രബല ഗ്രൂപ്പുകളില്‍ നിന്ന് അകന്ന നേതാക്കളും പ്രവര്‍ത്തകരും സുധീരനൊപ്പം അണിനിരന്നപ്പോള്‍ ഗ്രൂപ്പ് മാനേജര്‍മാരുടെ ചങ്കിടിപ്പ് കൂടി. ഉമ്മന്‍ചാണ്ടി - ചെന്നിത്തല എന്നീ നേതൃത്വങ്ങള്‍ക്കുപരി സംസ്ഥാന കോണ്‍ഗ്രസില്‍ മറ്റൊരു നേതൃത്വം കൂടിയുണ്ടെന്ന തിരിച്ചറിവായിരുന്നു നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സുധീരന്‍ അധ്യക്ഷ പദവിയിലിരുന്ന മൂന്ന് വര്‍ഷക്കാലം.