എസ്ബിടിക്ക് ഇന്ന് അവസാന പ്രവൃത്തി ദിനം
എസ്ബിടി-എസ്ബിഐ ലയനം നാളെ മുതല്‍ പ്രാവര്‍ത്തികമാകുന്നതോടെ ഇനി എസ് ബി ഐ ബാങ്കുകള്‍ മാത്രമാകും കേരളത്തിലുണ്ടാവുക
സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലബാങ്കായ എസ്ബിടിയുടെ പ്രവർത്തനം ഇന്ന് അവസാനിക്കും. എസ്ബിടി-എസ്ബിഐ ലയനം നാളെ മുതല്‍ പ്രാവര്‍ത്തികമാകുന്നതോടെ ഇനി എസ് ബി ഐ ബാങ്കുകള്‍ മാത്രമാകും കേരളത്തിലുണ്ടാവുക. അതേ സമയം ലയനം പൂര്‍ണമാകാന്‍ മാസങ്ങളെടുക്കും.
7പതിറ്റാണ്ടോളം കാലം കേരളത്തിൻറ സ്വന്തം ബാങ്കായി പ്രവർത്തിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന് ഇന്ന് അവസാന പ്രവർത്തിദിനം.ബാങ്കിങ്ങ് മേഖലയിലെ ഏറ്റവും വലിയ ലയനത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നതോടെ മലയാളികളുടെ അഭിമാനമായിരുന്ന എസ്ബിടി ചരിത്രത്തിലേക്ക് വഴിമാറുകയാണ്. നാളെമുതൽ എസ്ബിടിയുടെ മുഴുവൻ ശാഖകളും സംവിധാനങ്ങളും എസ്ബിഐയിൽ ലയിക്കും.14892 എസ്ബിടി ജീവനക്കാരും നാളെ എസ്ബിഐ ജീവനക്കാരായി മാറും.എസ്ബിടി അക്കൌണ്ട് ഉടമകൾ എസ്ബിഐ അക്കൌണ്ട് ഉടമകളായി മാറും.
പേരുമാറ്റം മാത്രമാണ് എപ്രിൽ 1ന് നടക്കുക.അക്കൌണ്ടുകളുടേയും വിവരങ്ങളുടേയും സംയോജനം തുടർഘട്ടങ്ങളിൽ നടക്കും.ഇത് പൂർത്തിയാകാൻ കാലതാമസമെടുക്കുന്നതിനാൽ ലയനം സമ്പൂർണ്ണമാകാൻ മാസങ്ങൾ എടുക്കും.അക്കൌണ്ട് നമ്പരോ പാസ് ബുക്കോ ഇപ്പോൾ മാറില്ല.ഐഎഫ്എസ് കോഡ്,ചെക്ക്,ഡ്രാഫ്റ്റ് തുടങ്ങിയവ ആഗസ്റ്റ്31വരെ നിലനിൽക്കും.ഇടപാടുകൾ എവിടെയും നടത്താം.എന്നാൽ നിക്ഷേപവും വായ്പയുമെല്ലാം എസ്ബിഐയുടെ പേരിലാകും നൽകുക.888 ശാഖകളാണ് കേരളത്തിൽ എസ്ബിടിക്കുളളത്.ലയനത്തോടെ 400ശാഖകൾ ഇല്ലാതാകുമെന്നാണ് സൂചന.വലിയ എതിർപ്പുകളേയും സമരങ്ങളേയും മറികടന്നാണ് എസ്ബിഐയുമായുളള എസ്ബിടിയുടെ ലയനം യാഥാർത്ഥ്യമാകുന്നത്.