യുഡിഎഫിന്റെ മദ്യനയം വോട്ട് നേടാനുള്ള വിലകുറഞ്ഞ തന്ത്രമെന്ന് പിണറായി

Update: 2018-05-13 08:09 GMT
Editor : admin
യുഡിഎഫിന്റെ മദ്യനയം വോട്ട് നേടാനുള്ള വിലകുറഞ്ഞ തന്ത്രമെന്ന് പിണറായി
Advertising

ഘട്ടം ഘട്ടമായി വൻകിട മദ്യശാലകൾ സംസ്ഥാനത്ത് കൊണ്ടുവരികയാണ് യുഡിഎഫ് ചെയ്യുന്നത്

യുഡിഎഫിന്റെ മദ്യനയം വോട്ട്നേടാനുള്ള വിലകുറഞ്ഞ തന്ത്രമെന്ന് പിണറായി വിജയന്‍. ഘട്ടം ഘട്ടമായി വൻകിട മദ്യശാലകൾ സംസ്ഥാനത്ത് കൊണ്ടുവരികയാണ് യുഡിഎഫ് ചെയ്യുന്നത്. കൂടുതൽ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കണം. ഇങ്ങനെ കൂടുതൽ കൂടുതൽ മദ്യ ശാലകൾ അനുവദിച്ചു കൊണ്ടാണോ "ഘട്ടം ഘട്ടമായി " മദ്യ നിരോധനം നടപ്പാക്കുന്നത് എന്നും പിണറായി ചോദിച്ചു.

പത്തു ശതമാനം വെച്ച് ചില്ലറ വ്യാപാര ഔട്ട് ലെറ്റുകൾ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച ശേഷം നിലവിലുള്ളവയിൽ കൂടുതൽ കൌണ്ടറുകൾ തുറക്കുന്ന അതേ കള്ളക്കളിയാണ് ഇവിടെയും. കോഴയിൽ അധിഷ്ഠിതമായ മദ്യ നയമാണ് ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കുന്നത്. പുതുതായി പത്തു ത്രീ സ്റ്റാര്‍ ഹോട്ടലുകൾ ഫൈവ് സ്റ്റാര്‍ ആയി അപ്ഗ്രേഡ് ചെയ്യാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഘട്ടം ഘട്ടമായി വൻകിട മദ്യശാലകൾ സംസ്ഥാനത്ത് കൊണ്ടുവരികയാണ് യുഡിഎഫ് ഭരണം. ജനങ്ങളെ കബളിപ്പിക്കാനുള്ള മദ്യ വിരോധ പ്രസംഗവും ഈ കള്ളക്കളിയും എങ്ങനെ ഒത്തു പോകും? യുഡിഎഫിന്റെ മദ്യ നയം തട്ടിപ്പാണ്. അത് വോട്ടു നേടാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണ്. ബാർ കോഴയിൽ കുടുങ്ങി ഒരു മന്ത്രിക്കു രാജിവെക്കേണ്ടി വന്ന കാപട്യമാണ്, മദ്യ നയം എന്ന പേരിൽ യുഡിഎഫ് അവതരിപ്പിക്കുന്നത്‌. മദ്യം എന്ന വിപത്തിനെ ചെറുക്കാനും ജനങ്ങളെ മദ്യത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാനും ഉള്ള നിശ്ചയ ദാർഡ്യം ഇടതുപക്ഷത്തിനാണ്‌ ഉള്ളത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മദ്യ വർജന സമിതികളെയും മദ്യ വിരുദ്ധ പ്രവർത്തകരെയും അടക്കം അണിനിരത്തി മദ്യ വിപത്ത് ചെറുക്കാൻ ഇടതു പക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാ ബദ്ധമാണെന്നും പിണറായി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News