ഹരിപ്പാട് മെഡിക്കല്‍ കോളജ്: ഭരണ - പ്രതിപക്ഷ വാക് പോര് തുടരുന്നു
പൊതുസ്വകാര്യ മേഖലയില്‍ ഹരിപ്പാട് ആരംഭിക്കാനിരിക്കുന്ന മെഡിക്കല്‍കോളജിനെചൊല്ലിയുള്ള ഭരണ - പ്രതിപക്ഷ വാദ പ്രതിവാദങ്ങള്‍ തുടരുന്നു.
പൊതുസ്വകാര്യ മേഖലയില്‍ ഹരിപ്പാട് ആരംഭിക്കാനിരിക്കുന്ന മെഡിക്കല്‍കോളജിനെചൊല്ലിയുള്ള ഭരണ - പ്രതിപക്ഷ വാദ പ്രതിവാദങ്ങള്‍ തുടരുന്നു. നിലം നികത്തി മെഡിക്കല്‍ കോളജ് തുടങ്ങാനുള്ള ശ്രമങ്ങള്‍ സദുദ്ദേശത്തോടെയല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ആരോപിച്ചു. മെഡിക്കല്‍ കോളജ് തുടങ്ങാന്‍ യുഡിഎഫ് തീരുമാനിച്ചത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് മുന്‍ ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ മറുപടി നല്‍കി. മെഡിക്കല്‍ കോളജ് തുടങ്ങണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹരിപ്പാട് മെഡിക്കല്‍ കോളജിനെതിരായ നിലപാട് ധനമന്ത്രി തോമസ് ഐസക്കും, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും വ്യക്തമാക്കിയതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ നിലം നികത്തി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച പദ്ധതിക്കെതിരെ ആരോഗ്യമന്ത്രി കെകെ ശൈലജയും രംഗത്ത് വന്നു. മെഡിക്കല്‍ കോളജ് തുടങ്ങാന്‍ തീരുമാനമെടുത്തത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണെന്ന് മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വിഎസ് ശിവകുമാര്‍ പ്രതികരിച്ചു. തീരദേശവാസികള്‍ കൂടുതലുള്ള ആലപ്പുഴ ജില്ലക്കാര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെന്നും ശിവകുമാര്‍ അറിയിച്ചു.
മെഡിക്കല്‍കോളജുമായി ബന്ധപ്പെട്ട് ഒരു രൂപയുടെ പോലും അഴിമതി നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി ഇടപെടണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.