അതിരപ്പിള്ളി പദ്ധതിക്കെതിരെ ബിജെപി സംസ്ഥാന ഘടകം കേന്ദ്രത്തെ സമീപിച്ചു
പദ്ധതിയുടെ പാരിസ്ഥിതികാനുമതി ഇനി നീട്ടി നല്‍കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അറിയിച്ചതായി കുമ്മനം രാജശേഖരന്‍
അതിരപ്പിള്ളി പദ്ധതിക്കെതിരെ ബിജെപി സംസ്ഥാന ഘടകം കേന്ദ്രത്തെ സമീപിച്ചു. പദ്ധതിയുടെ പാരിസ്ഥിതികാനുമതി ഇനി നീട്ടി നല്‍കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചതായി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. സിപിഎം അക്രമത്തിന്റെ ഇരകളെ നേരില്‍ കാണാനും സ്ഥിതിഗതികള്‍ വിലയിരുത്താനും ദേശീയ വനിതാ കമ്മീഷനും സംസ്ഥാന ബാലവാകാശ കമ്മീഷനും കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ സന്ദര്‍ശിക്കുമെന്നും കുമ്മനം പറഞ്ഞു.
വിവിധ കേന്ദ്രമന്ത്രിമാരുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് അതിരപ്പിള്ളി അടക്കമുള്ള വിഷയങ്ങളില്‍ കുമ്മനം രാജശേഖരന്‍ സംസാരിച്ചത്. ആതിരപ്പള്ളി പദ്ധതിയില്‍ ബിജെപി സംസ്ഥാന ഘടകത്തിന്റെ ആശങ്കയും എതിര്‍പ്പും കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ അറിയിച്ചുവെന്ന് പറഞ്ഞ കുമ്മനം സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ ശക്തമായി പ്രതിരോധിക്കുമെന്നും വ്യക്തമാക്കി.
എന്നാല്‍ മോദി സര്‍ക്കാര്‍ കാലത്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പാരിസ്ഥാകാനുമതി നല്‍കിയ പദ്ധതിയാണെന്നതിനാലും ആ അനുമതിക്ക് 2017 വരെ കാലവധിയുണ്ടെന്നിരിക്കെയും ബിജെപി കേരള ഘടകം എങ്ങനെയാണ് പദ്ധതിയെ എതിര്‍ക്കുക എന്ന ചോദ്യത്തിന് കുമ്മനത്തിന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. റബ്ബര്‍, കുരുമുളക്, ഏലം, കശുവണ്ടി തുടങ്ങി വിവിധ വിളകള്‍ സംബന്ധിച്ച് പ്രതിസന്ധി ചര്‍ച്ച ചെയ്യാനും കര്‍ഷകരോട് സംവദിക്കാനും ആഗസ്റ്റില്‍ കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കൊല്ലം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെത്തുമെന്നും കുമ്മനം പറഞ്ഞു.