ഗീതാ ഗോപിനാഥിന്റെ നിയമനത്തിനെതിരെ വിഎസ്
ഗീതാ ഗോപിനാഥിന്റെ നിലപാടുകള്‍ പാര്‍ട്ടി നയത്തിന് എതിരാണെന്ന് വിഎസ്
ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവാക്കിയതിനെതിരെ വി എസ് അച്യുതാനന്ദന്‍. ഗീത ഗോപിനാഥിന്റേത് പാര്‍ട്ടി വിരുദ്ധ നിലപാടുകളാണെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് വിഎസ് കേന്ദ്ര കമ്മിറ്റിക്ക് കത്ത് നല്‍കി. എന്നാല്‍ നിയമനത്തില്‍ തെറ്റില്ലെന്നും പാര്‍ട്ടിയാണ് ഗീതയെ നിയമിച്ചതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
വിവാദമായ സാമ്പത്തിക ഉപദേഷ്ടാവ് നിയമനം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണെന്നാണ് കോടിയേരി വിശദീകരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്കൊപ്പമല്ല താനെന്ന് പ്രഖ്യാപിക്കുന്നതാണ് വിഎസിന്റെ കത്ത്. ഗീതാ ഗോപിനാഥിന്റെ നിയമനത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്. ആഗോളവല്‍ക്കരണ നയങ്ങളെ പിന്തുണക്കുന്നയാളാണ് ഗീതാ ഗോപിനാഥ്. അങ്ങനെയുള്ള ഒരാളുടെ ഉപദേശം സ്വീകരിക്കുന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്ക് എതിരാണെന്നും ഇന്നലെ കേന്ദ്ര കമ്മിറ്റിക്കയച്ച കത്തില്‍ വിഎസ് പറയുന്നു.
നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങളുടെ വക്താവായി അറിയപ്പെടുന്ന ഗീതാ ഗോപിനാഥിന്റെ നിയമനം പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ തന്നെ അതൃപ്തി സൃഷ്ടിച്ചതിന് പിന്നാലെയാണ് വിഎസിന്റെ ഇടപെടല്‍. വിഎസ് സര്‍ക്കാറിന്റെ കാലത്ത് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായിരുന്ന പ്രഭാത് പട്നായിക് ഉള്‍പ്പെടെയുള്ള ഇടത് ചിന്തകര്‍ ഗീതയുടെ നിയമനത്തിനെതിരെ പരോക്ഷമായി രംഗത്തുവന്നിരുന്നു.
ഒരിടവേളക്ക് ശേഷം പാര്‍ട്ടിയുമായി പുതിയ പോര്‍മുഖം തുറക്കുന്നതാണ് വിഎസിന്റെ ഇടപെടല്‍.