ആക്രമണത്തില്‍ പരിക്കേറ്റ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു
കോട്ടയം ഈരാറ്റുപേട്ട സ്വദേശി കെ.എ നസീറാണ് മരിച്ചത്
സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു തലയ്ക്കു ഗുരുതര പരിക്കേല്‍പ്പിച്ചെന്നു ബന്ധുക്കള്‍ ആരോപിച്ച സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി കെ.എ നസീറാണ് മരിച്ചത്. ആക്ഷന്‍ കൌണ്‍സില്‍ ഈരാറ്റുപേട്ടയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
കഴിഞ്ഞ മാസം 25നാണ് ഈരാറ്റുപേട്ട പത്താഴപ്പടി മുന്‍ ബ്രാഞ്ച് സെക്രട്ടറി കെഎ നസീറിനെ തലയ്ക്കു പിന്നില്‍ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയിലായിരുന്ന നസീര്‍ ഇന്നലെ രാത്രി 8.30യോടെയാണ് മരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ സീറ്റിലെ എല്‍ഡിഎഫ് തോല്‍വി സംബന്ധിച്ച് പാര്‍ട്ടി ഘടകങ്ങളില്‍ പല പരാതികള്‍ നസീര്‍ നല്കി. പിന്നീട് പാര്‍ട്ടിയുടെ പൂഞ്ഞാര്‍ തോല്‍വി അന്വേഷിക്കുന്ന കമ്മീഷന് പരാതി തയ്യാറാക്കുന്നതിനിടെ ഡിറ്റിപി സെന്ററില്‍ വച്ച് പ്രാദേശിക സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് നസീറിനെ ആക്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇവരുടെ പരാതിയില്‍ ഈരാറ്റുപേട്ട പൊലീസ് എട്ടു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഏരിയ കമ്മിറ്റി ഓഫീസില്‍ അതിക്രമിച്ചു കയറിയെന്ന് ചൂണ്ടിക്കാട്ടി നസീറിനെ മുന്‍പ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും പാര്‍ട്ടി പുറത്താക്കിയിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പു മുതല്‍ ആരംഭിച്ച പ്രശ്നങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്. കഴിഞ്ഞ നാല്‍പത് വര്‍ഷമായി നസീറും കുടുംബവും സിപിഎമ്മിന്റെ സജീവ പ്രവവര്‍ത്തകരാണ്.