മോഷ്ടാവെന്ന് തെറ്റിദ്ധരിക്കുമെന്ന ഭീതിയില്‍ ചലച്ചിത്ര പ്രവര്‍ത്തകന്‍ റഷീദ് പാറക്കല്‍
റഷീദ് സംവിധാനം ചെയ്ത സിസിടിവി പ്രമേയമായ ചിത്രത്തിലെ ദൃശ്യങ്ങള്‍ യഥാര്‍ഥ സംഭവം എന്ന രീതിയില്‍ ചിലര്‍ യൂടൂബില്‍ അപ്‍ലോഡ് ചെയ്തതാണ് വിനയായത്
മോഷ്ടാവെന്ന് നാട്ടുകാര്‍ തെറ്റിദ്ധരിക്കുമെന്ന പേടിയിലാണ് ചലചിത്രപ്രവര്‍ത്തകനായ റഷീദ് പാറക്കലിന്റെ ഇപ്പോഴത്തെ ജീവിതം. റഷീദ് സംവിധാനം ചെയ്ത സിസിടിവി പ്രമേയമായ ചിത്രത്തിലെ ദൃശ്യങ്ങള്‍ യഥാര്‍ഥ സംഭവം എന്ന രീതിയില്‍ ചിലര്‍ യൂടൂബില്‍ അപ്‍ലോഡ് ചെയ്തതാണ് വിനയായത്. ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി നടപടി കാത്തിരിക്കുകയാണ് ഇയാളിപ്പോള്‍.
എഴുത്തുകാരനായ റഷീദ് പാറക്കലിന്റെ ഒന്‍പതാമത്തെ ഹ്രസ്വ ചിത്രമാണ് ന്യൂ ഗോഡ്. വഴിയില്‍ കുടുങ്ങിയ ബൈക്ക് യാത്രികന്റെ പഴ്സ് മോഷ്ടിക്കുന്നയാള്‍ സിസിടിവി ക്യാമറ കണ്ട് പകച്ച് പോകുന്നതാണ് സിനിമയുടെ ഉള്ളടക്കം.രചനയും സംവിധാനവും കൂടാതെ ചിത്രത്തിലെ പോക്കറ്റടിക്കാരനായി അഭിനയിച്ചതും റഷീദ് തന്നെ. ചിത്രം അഞ്ച് ദിവസം മുന്പ് റഷീദ് യൂട്യൂബിലിട്ടു. ഇതില്‍ നിന്ന് ടൈറ്റിലും മ്യൂസിക്കും ഒഴിവാക്കി യഥാര്‍ഥ സംഭവമെന്ന് വിവരിച്ച് ആരോ പ്രചരിപ്പിക്കുകയായിരുന്നു.
ഇതോടെ ചില ദേശീയ മാധ്യമങ്ങളില്‍ വരെ മോഷണദൃശ്യങ്ങള്‍ എന്ന പേരില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. യഥാര്‍ഥ സംഭവം എന്ന നിലയിലായിരുന്നു വാര്‍ത്ത. കാട്ടുമാക്കാന്‍ എന്ന സിനിമക്ക് തിരക്കഥയൊരുക്കിയ റാഷിദ് പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങാനിരിക്കെയാണ് ഈ പ്രശ്നം.