ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി
ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ നേതാവാണ് ബജറ്റ് വിവരങ്ങള്‍ സഭയില്‍ ഉന്നയിച്ചത്. നികുതി നിര്‍ദേശങ്ങളും ചോര്‍ന്നെന്ന് ആരോപിച്ച പ്രതിപക്ഷം ധനമന്ത്രി രാജിവക്കണമെന്നും ആവശ്യപ്പെട്ടു...
ബജറ്റ് ചോര്‍ന്നെന്ന പ്രതിപക്ഷ ആരോപണം സഭയെ പ്രക്ഷുബ്ദമാക്കി. ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ നേതാവാണ് ബജറ്റ് വിവരങ്ങള്‍ സഭയില്‍ ഉന്നയിച്ചത്. നികുതി നിര്‍ദേശങ്ങളും ചോര്‍ന്നെന്ന് ആരോപിച്ച പ്രതിപക്ഷം ധനമന്ത്രി രാജിവക്കണമെന്നും ആവശ്യപ്പെട്ടു.
ബജറ്റ് അവതരണം രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വിവരങ്ങള്‍ ചോര്‍ന്നെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്. ഇതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തി നടുത്തളത്തിലിറങ്ങി. പുറത്തുവന്ന രേഖകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ അവതരിപ്പിച്ചു. ആരോപണം സര്‍ക്കാറിനെയും ധനമന്ത്രിയെയും വെട്ടിലാക്കി. ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കി.
പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് പരിശോധിച്ച് തീരുമാനം പറയുമെന്ന് സ്പീക്കറും അറിയിച്ചു. ഇതേതുടര്‍ന്ന് ബജറ്റ് അവതരണം പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. പിന്നീട് സഭ ബഹിഷ്‌കരിച്ചു. ബജറ്റിലെ നികുതി നിര്‍ദേശങ്ങളും ചോര്‍ന്നു.
ബജറ്റ് ചോര്‍ന്നത് ധനമന്ത്രിയുടെ ഓഫീസില്‍നിന്നാണെന്ന് ആരോപിച്ച പ്രതിപക്ഷം തോമസ് ഐസകിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ പ്രക്ഷോഭത്തിന് ആലോചന തുടങ്ങിയിട്ടുണ്ട്.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പത്ത് മിനുറ്റോളം ബജറ്റ് അവതരണം തടസപ്പെട്ടു. തോമസ് ഐസക്ക് ബജറ്റ് പ്രസംഗം വീണ്ടും ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയത്.