പൂരം ഒപ്പിയെടുക്കാന്‍ റസൂല്‍ പൂക്കുട്ടിയും പടയും തൃശൂരില്‍
അമേരിക്കയില്‍ പാംസ്റ്റോണ്‍ മള്‍ട്ടിമീഡിയ ഉടമയും തൃശൂര്‍കാരനുമായ രാജീവ് പനക്കലാണ് ഡോക്യുമെന്ററിയുടെ നിര്‍മാണം
തൃശൂര്‍ പൂരം ലോകത്തിന് മുന്നിലെത്തിക്കാന്‍ ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെത്തി. പൂരത്തിന്റെ ആചാരങ്ങളും ആഘോഷങ്ങളും മുഴുവന്‍ പകര്‍ത്തിക്കൊണ്ടാണ് റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി ഒരുങ്ങുന്നത്. ശബ്ദങ്ങളുടേയും വര്‍ണങ്ങളുടേയും ആഘോഷമായ തൃശൂര്‍ പൂരം മുഴുവനായി ഒപ്പിയെടുക്കാനാണ് റസൂല്‍ പൂക്കുട്ടിയുടെ ശ്രമം. ആധുനിക സാങ്കേതിക സംവിധാനങ്ങളുമായെത്തുന്ന റസൂല്‍ പൂരത്തിന്റെ ഓരോ ചെറിയ ശബ്ദങ്ങളും ഒപ്പിയെടുക്കും. ഇരുനൂറോളം പേരടങ്ങുന്ന സംഘമാണ് റസൂലിനൊപ്പമെത്തിയിരിക്കുന്നത്. അറുപത് ക്യാമറകള്‍ പൂരപ്പൊലിമ പകര്‍ത്തിയെടുക്കും. അമേരിക്കയില്‍ പാംസ്റ്റോണ്‍ മള്‍ട്ടിമീഡിയ ഉടമയും തൃശൂര്‍കാരനുമായ രാജീവ് പനക്കലാണ് ഡോക്യുമെന്ററിയുടെ നിര്‍മാണം.
തൃശൂര്‍ നഗരത്തിലെ 8 കേന്ദ്രങ്ങളില്‍ ഒരേസമയമാണ് ഡോക്യുമെന്ററിയുടെ നിര്‍മാണം നടക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്ധനായ ഒരാള്‍ക്ക് പൂരം ആസ്വദിക്കാവുന്ന വിധത്തിലുള്ള ശബ്ദ റിക്കാര്‍ഡിംഗാണ് റസൂലിന്റെ നേതൃത്വത്തില്‍ ഒരുക്കുന്നത്. ഇതിനായുള്ള കൂടുതല്‍ ഉപകരണങ്ങള്‍ മുംബൈയില്‍ നിന്ന് വാങ്ങുകയും വാടകയ്‌ക്കെടുക്കുകയും ചെയ്യുകയായിരുന്നു. മേളയുടെ തനിമ മാത്രമല്ല, ജനം ആര്‍പ്പുവിളിക്കുന്നത് മുതല്‍ ആന തുമ്പിക്കൈ അനക്കുന്നത് വരെയുള്ള വളരെ ചെറിയ ശബ്ദങ്ങള്‍ പോലും റസൂലിന്റെ നൂറുകണക്കിന് മൈക്രോഫോണുകള്‍ ഒപ്പിയെടുക്കും. 20 വീതമുള്ള നാല്‍പത് ട്രാക്ക് റിക്കാര്‍ഡിംഗാണ് സാധാരണ പതിവ്.
പൂരത്തിരക്കിനിടയിലും കെട്ടിടങ്ങള്‍ക്കു മുകളിലുമെല്ലാം കാമറകള്‍ സ്ഥാപിച്ചാണ് പൂരം പകര്‍ത്തുക. ജിബ് ഉപയോഗിച്ചു ജനക്കൂട്ടത്തിനു മുകളില്‍ നിന്നും ഡ്രോണ്‍ ഉപയോഗിച്ച് ആകാശത്തു നിന്നും റിക്കാര്‍ഡ് ചെയ്യാനുള്ള അനുമതി ലഭിച്ചില്ലെങ്കിലും മികവുറ്റ റിക്കാര്‍ഡിംഗിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. തൃശൂര്‍ പൂരത്തിന്റെ മാത്രമല്ല, വാദ്യമേളങ്ങള്‍ അടക്കമുള്ള വര്‍ണക്കാഴ്ചകളെല്ലാം ഒപ്പിയെടുക്കുന്ന എന്‍സൈക്ലോപീഡിയ സജ്ജമാക്കുകയാണ് ലക്ഷ്യം. പ്രധാന മുഹൂര്‍ത്തങ്ങള്‍ മാത്രം ചേര്‍ത്ത് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള മള്‍ട്ടി മീഡിയയും തയാറാക്കും.