ഓഖി: നഷ്ടപരിഹാര പാക്കേജ് നാളെ പ്രഖ്യാപിച്ചേക്കും
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സമഗ്രമായ പാക്കേജിന് രൂപം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം
ഓഖി ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചേക്കും. നാളെ നടക്കുന്ന മന്ത്രിസഭായോഗം പാക്കേജിന് അംഗീകാരം നല്‍കുമെന്നാണ് സൂചന. ജീവിതമാര്‍ഗ്ഗങ്ങളും വീടും നഷ്ടപ്പെട്ടതിനടക്കം സഹായം ലഭ്യമാക്കുന്ന തരത്തിലാണ് പാക്കേജ് തയ്യാറാക്കുന്നത്.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സമഗ്രമായ പാക്കേജിന് രൂപം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. വള്ളം, ബോട്ട്, വല തുടങ്ങി മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ നഷ്ടപ്പെട്ടവരെ എത്രയും പെട്ടെന്ന് തൊഴിൽ മേഖലയിലേക്ക് മടക്കിക്കൊണ്ടുവരാനാണ് ശ്രമം. നഷ്ടത്തിന്‍റെ കണക്കും മറ്റും ഫിഷറീസ്, റവന്യൂ, ടൂറിസം മന്ത്രിമാര്‍ തയ്യാറാക്കും. ഇത് പരിഗണിച്ച് നാളത്തെ മന്ത്രിസഭായോഗത്തില്‍ പാക്കേജിന് അംഗീകാരം നല്‍കിയേക്കും.
ഇതുവരെ കണ്ടെത്താത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പ്രത്യേകം പരിഗണിച്ച് ധനസഹായം നല്‍കുന്ന കാര്യവും മന്ത്രിസഭ പരിഗണിക്കുമെന്നാണ് സൂചന. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ടെങ്കിലും പാക്കേജിന് ആവശ്യമായ പണം കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.