ദേശീയ പാതാ വികസനം; കോഴിക്കോട് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമിറങ്ങി
വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ വിവരങ്ങളടങ്ങിയ വിജ്ഞാപനമാണ് കേന്ദ്രഗതാഗത മന്ത്രാലയം പുറത്തിറക്കിയത്
ദേശീയ പാതാ വികസനത്തിനായി കോഴിക്കോട് ജില്ലയില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമിറങ്ങി. വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ വിവരങ്ങളടങ്ങിയ വിജ്ഞാപനമാണ് കേന്ദ്രഗതാഗത മന്ത്രാലയം പുറത്തിറക്കിയത്. എന്നാല്‍ മുന്‍പ് ഭൂമി ഏറ്റെടുക്കുന്നതിലുണ്ടായ അഴിമതി നിയമവിധേയമാക്കിയാണ് പുതിയ വിജ്ഞാപനമെന്ന് ദേശീയ പാതാ ആക്ഷന്‍ കൌണ്‍സില്‍ ആരോപിച്ചു. ബിഒടി അടിസ്ഥാനത്തില്‍ ദേശീയ പാത വികസിപ്പിക്കുന്നതിനും ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനുമെതിരെ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.
ദേശീയ പാത പതിനേഴിന്റെ കണ്ണൂര്‍ വെങ്ങളം സെക്ഷനിലുള്‍പ്പെട്ട 75 കിലോമീറ്റര്‍ ദൂരമാണ് കോഴിക്കോട് ജില്ലയിലുള്ളത്. ഇത് നാലുവരിയാക്കുന്നതിനായി ഏറ്റെടുക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ സര്‍വേ നമ്പര്‍, തരം, വിസ്തീര്‍ണം തുടങ്ങിയ വിവരങ്ങളാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലുള്ളത്. 45 മീറ്ററില്‍ തന്നെ ദേശീയ പാത വികസിപ്പിക്കുമെന്നും ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയില്ലെന്നും മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദേശീയ പാത വികസനം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ദേശീയ പാത അതോറിറ്റിയും വ്യക്തമാക്കി. പുതിയ വിജ്ഞാപനമിറങ്ങിയ സാഹചര്യത്തില് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് സമര സംഘടനകള്‍.
2012ല്‍ ഇറങ്ങിയ വിജ്ഞാപനത്തില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ വിജ്ഞാപനമെന്നും സമരസമിതി ആരോപിക്കുന്നു.
ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന മലപ്പുറം ജില്ലയിലും ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം അടുത്തു തന്നെ പുറത്തുവരുമെന്നാണ് സൂചന.