പഴയ രാഷ്ട്രീയ സഹപാഠികളുടെ പോരാട്ടച്ചൂടില്‍ തലശ്ശേരി
തലശേരിയില്‍ ഇത്തവണ പോരാട്ടം കനക്കും.
തലശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എന്‍ ഷംസീറും യു.ഡി.എഫ് സ്ഥാനാര്‍ഥി എ പി അബ്ദുളളക്കുട്ടിയും ഒരു കാലത്ത് ഒരേ കളരിയില്‍ രാഷ്ട്രീയം പഠിച്ച് വളര്‍ന്നവരാണ്. അതുകൊണ്ട് തന്നെ ഇരുവരും തെരഞ്ഞെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ തലശേരിയില്‍ ഇത്തവണ പോരാട്ടം കനക്കും.
അബ്ദുളളക്കുട്ടി എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്ന കാലത്ത് എസ്.എഫ്.ഐയുടെ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ടായിരുന്നു എ.എന്‍ ഷംസീര്‍. നിരവധിയായ രാഷ്ട്രീയ സമരങ്ങള്‍ക്കും ഇരുവരും ഒന്നിച്ച് നേതൃത്വം നല്കിയിട്ടുണ്ട്. എന്നാല്‍ ഇടക്കാലത്ത് വലത് പാളയത്തിലേക്ക് കാല് മാറ്റിച്ചവിട്ടിയ അബ്ദുളളക്കുട്ടി സി.പി.എമ്മിന്റെ കണ്ണിലെ കരടായി മാറി. എന്തായാലും കാലങ്ങള്‍ക്ക് ശേഷം ഇരുവരും തെരഞ്ഞെടുപ്പ് ഗോദയില്‍ ഏറ്റുമുട്ടുമ്പോള്‍ അതിന് ഏറെ രാഷ്ട്രീയ കൌതുകം കൂടിയുണ്ട്. പഴയ സഹപ്രവര്‍ത്തകരും സഹപാഠികളും തന്നെ കൈവിടില്ലന്ന പ്രതീക്ഷയിലാണ് അബ്ദുളളക്കുട്ടി.
എന്നും ഇടതുപക്ഷത്തോടൊപ്പം മാത്രം നിലകൊണ്ടിട്ടുളള തലശേരി കഴിഞ്ഞ തവണ 26509 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോടിയേരി ബാലകൃഷ്ണനെ നിയമസഭയിലേക്കയച്ചത്. മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും പരാജയത്തിന്റെ രുചിയറിഞ്ഞിട്ടില്ലാത്ത അബ്ദുളളക്കുട്ടിയെ തലശേരിയില്‍ അങ്കത്തിനിറക്കുമ്പോള്‍ ന്യൂനപക്ഷ വോട്ടുകളില്‍ കൂടി യു.ഡി.എഫ് കണ്ണുവെക്കുന്നുണ്ട്. എന്നാല്‍ തലശേരിയിലെ മത ന്യൂനപക്ഷങ്ങള്‍ എന്നും എല്‍.ഡി.എഫിനൊപ്പമായിരുന്നുവെന്ന് ഷംസീര്‍ പറയുന്നു.
എന്തായാലും വരും ദിവസങ്ങളില്‍ പഴയ രാഷ്ട്രീയ സഹപാഠികളുടെ പോരാട്ടച്ചൂടില്‍ തലശേരിയുടെ രാഷ്ട്രീയ താപനില ഉയരുമെന്നുറപ്പ്.