പൊലീസ് സ്റ്റേഷനുകള്‍ തിരിച്ചറിയാന്‍ ഒരേ നിറത്തിലുള്ള കളര്‍ അടിക്കണമോയെന്ന് കോടതി
അങ്ങനെ വേണം എന്നുണ്ടെങ്കില്‍ ജനങ്ങള്‍ എല്ലാ ദിവസവും ഇടപെടുന്ന റേഷന്‍ കടകള്‍ക്കല്ലേ ആദ്യം ഒരേ നിറം നല്‍കേണ്ടതെന്നും കോടതി
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ ഒരേ കളര്‍ അടിക്കണമെന്ന ലോക്‍നാഥ് ബെഹറയുടെ ഉത്തരവിനെതിരെ കോടതി പരാമര്‍ശം. സ്റ്റേഷനുകള്‍ തിരിച്ചറിയാന്‍ ഒരേ നിറത്തിലുള്ള കളര്‍ അടിക്കണമോയെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി സര്‍ക്കാരിനോട് ചോദിച്ചു. ബെഹ്റക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു വിമര്‍ശം.
പെയിന്റടി വിവാദത്തില്‍ ലോക്നാഥ് ബെഹറേയും, ആഭ്യന്തര സെക്രട്ടറിയേയും ഒന്നും രണ്ടും പ്രതികളാക്കിയാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കിയത്. പരാതി പരിഗണിച്ച കോടതി ഉത്തരവില്‍ സംശയം പ്രകടിപ്പിച്ചു. പോലീസ് സ്റ്റേഷനുകള്‍ തിരിച്ചറിയാന്‍ ഒരേ നിറത്തിലുള്ള കളര്‍ വേണമോയെന്നാണ് സര്‍ക്കാരിനോട് ചോദിച്ചത്.
അങ്ങനെ വേണം എന്നുണ്ടെങ്കില്‍ ജനങ്ങള്‍ എല്ലാ ദിവസവും ഇടപെടുന്ന റേഷന്‍ കടകള്‍ക്കല്ലേ ആദ്യം ഒരേ നിറം നല്‍കേണ്ടതെന്നും കോടതി ചോദിച്ചു. ഈ മാസം 20-ന് മുമ്പ് വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോക്നാഥ് ബെഹ്റ പുറത്തിറക്കിയ ഉത്തരവിന് പിന്നില്‍ അഴിമതി നടന്നുവെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകന്‍ പായിച്ചറ നവാസാണ് കോടതിയെ സമീപിച്ചത്. ബെഹ്റക്കെതിരെ കേസ് എടുക്കണമെന്ന് ആവിശ്യപ്പെട്ട് ഡിജിപിക്ക് ഇന്നലെ മറ്റൊരു പരാതി ലഭിച്ചിരുന്നു. കേസ് ഈ മാസം 20-ന് വീണ്ടും പരിഗണിക്കും.