സി കെ ജാനു സ്ഥാനാര്‍ഥിയായതോടെ സുല്‍ത്താന്‍ ബത്തേരിയില്‍ ത്രികോണ മത്സരം

Update: 2018-05-15 18:52 GMT
Editor : admin
സി കെ ജാനു സ്ഥാനാര്‍ഥിയായതോടെ സുല്‍ത്താന്‍ ബത്തേരിയില്‍ ത്രികോണ മത്സരം
Advertising

ആദിവാസി ഗോത്രമഹാസഭാ നേതാവ് സി കെ ജാനുവിന്റെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ദേശീയ ശ്രദ്ധയിലേയ്ക്ക് എത്തിയ മണ്ഡലമാണ് സുല്‍ത്താന്‍ ബത്തേരി.

Full View

ആദിവാസി ഗോത്രമഹാസഭാ നേതാവ് സി കെ ജാനുവിന്റെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ദേശീയ ശ്രദ്ധയിലേയ്ക്ക് എത്തിയ മണ്ഡലമാണ് സുല്‍ത്താന്‍ ബത്തേരി. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ബത്തേരിയില്‍ നിലവിലെ എംഎല്‍എ ഐസി ബാലകൃഷ്ണനാണ് യുഡിഎഫിനു വേണ്ടി രംഗത്തുള്ളത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം രുഗ്മിണി സുബ്രഹ്മണ്യനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതാണ് സുല്‍ത്താന്‍ ബത്തേരി മണ്ഡലം. ഇവിടെയും എല്‍ഡിഎഫിന് വിജയിച്ചു കയറാനായത് രണ്ടു തവണ മാത്രം. 1996ലും 2006ലും. ആദിവാസി വിഭാഗത്തിലുള്ളവരും കര്‍ഷകരും വിധിയെഴുതുന്ന ബത്തേരിയില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. ത്രികോണ മത്സരമില്ലെന്ന് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ പറയുമ്പോഴും സി.കെ. ജാനുവിന്റെ സാന്നിധ്യം ഇരുമുന്നണികള്‍ക്കും ഭീഷണിയാണ്.

കോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് പറയാനുള്ളത്. എംഎല്‍എ ആയതുമുതല്‍ മണ്ഡലത്തിലെ സജീവസാന്നിധ്യമായി മാറിയതുകൊണ്ടു തന്നെ വലിയ സ്വീകാര്യതയും ഐ.സി.ബാലകൃഷ്ണനുണ്ട്. എന്നാല്‍, രാത്രിയാത്രാ നിരോധനവും വന്യമൃഗശല്യവും വരള്‍ച്ചയും ആദിവാസി പുനരധിവാസവുമെല്ലാം പ്രശ്നങ്ങളായി നില്‍ക്കുന്നു.

ചരിത്രം എതിരാണെങ്കിലും എല്‍ഡിഎഫ് ശുഭപ്രതീക്ഷയിലാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സത്യന്‍ മൊകേരിയ്ക്ക് 8983 വോട്ടുകളുടെ ഭൂരിപക്ഷം നേടാനായതാണ് ഇതില്‍ പ്രധാനം. തുടര്‍ന്നു വന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് മേല്‍ക്കൈ നേടി. ഏഴു പഞ്ചായത്തുകളും ഒരു നഗസരഭയുമുള്ള മണ്ഡലത്തില്‍ രണ്ടു പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫ് ഭരണം നേടിയത്.

ആദിവാസികള്‍ക്കിടയിലെ സി.കെ. ജാനുവിന്റെ സ്വാധീനം ഗുണകരമാകുമെന്ന് എന്‍ഡിഎ പ്രതീക്ഷിയ്ക്കുന്നു. കൂടാതെ, ജില്ലയില്‍ ബിഡിജെഎസിനു സ്വാധീനമുള്ള പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളും ബത്തേരി മണ്ഡലത്തിലാണ്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും നഗസരഭയിലെയും കണക്കുകള്‍ നോക്കിയാല്‍ 25,488 വോട്ടുകള്‍ ബിജെപിയ്ക്കുണ്ട്.

മണ്ഡലത്തിലെ കണക്കുകള്‍, യുഡിഎഫിനും എല്‍ഡിഎഫിനും ഒരു പോലെ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍, സി.കെ. ജാനു നേടുന്ന വോട്ടുകള്‍ ഇരു മുന്നണികളുടെയും വിജയത്തെ ബാധിച്ചേയ്ക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News