ഷുഹൈബ് വധം; സിബിഐ അന്വേഷണത്തില്‍ സര്‍ക്കാരിന് നോട്ടീസ്
പൊലീസിന് നിലവിലെ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി
ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വൈകും. പൊലീസിന് നിലവിലെ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. അതേസമയം സിബിഐ അന്വേഷണം വേണമെന്ന ഷുഹൈബിന്റെ പിതാവിന്റെ ഹരജിയില്‍ സര്‍ക്കാരിനും സിബിഐക്കും കോടതി നോട്ടീസ് അയച്ചു. രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കാളികളാവുന്നവര്‍ വിഡ്ഢികളാണെന്നും കോടതി പരാമര്‍ശിച്ചു.
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഷുഹൈബിന്റെ പിതാവ് സുപ്രിം കോടതിയെ സമീപിച്ചത്. എന്നാല്‍ നിലവില്‍ നടക്കുന്ന പൊലീസ് അന്വേഷണം സ്റ്റേ ചെയ്യേണ്ടതില്ലെന്ന് ഹരജി പരിഗണിച്ച സുപ്രിം കോടതി തീരുമാനിച്ചു. പൊലീസ് അന്വേഷണം സ്റ്റേ ചെയ്താല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതടക്കമുള്ളവയെ ബാധിക്കുമെന്ന് സംസ്ഥാനം വാദിച്ചു. ഇത് പരിഗണിച്ചാണ് സുപ്രിം കോടതിയുടെ നടപടി. പൊലീസിന് നിലവിലെ അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും സിബിഐക്കും സുപ്രിം കോടതി നോട്ടീസ് അയക്കും. ഷുഹൈബിന്റെ കൊലപാതകത്തിന്റെ ചിത്രങ്ങള്‍ പരിശോധിച്ച കോടതി കൊലപാതകം പൈശാചികമാണെന്ന് പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വിഡ്ഢികളാണെന്നും ഹരജി പരിഗണിക്കവെ കോടതി പരാമര്‍ശിച്ചു. ജൂലൈ രണ്ടാം വാരം കേസ് വീണ്ടും പരിഗണിക്കും.