മനക്കമലയിലെ മണ്ണെടുപ്പിനെതിരെ ജനകീയ പ്രക്ഷോഭം
പരിശോധനകളില്ലാതെ അനുമതി നല്‍കുന്നതായി പരാതി
എറണാകുളം മുളന്തുരുത്തി മനക്കമലയിലെ മണ്ണെടുപ്പിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമായി. പ്രതിഷേധത്തെ തുടര്‍ന്ന് മനക്കമലയില്‍ നിന്ന് മണ്ണെടുക്കുന്നത് നിരോധിച്ചുകൊണ്ട് മുളന്തുരുത്തി പഞ്ചായത്തും ഉത്തരവിറക്കി. പരിശോധനകളില്ലാതെയാണ് പ്രദേശത്ത് മണ്ണെടുക്കാന്‍ അധികൃതര്‍ അനുമതി നല്‍കുന്നതെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തുന്നു.
20 ഏക്കറില്‍ പരന്നുകിടക്കുന്ന മനക്കമലയിലെ മണ്ണെടുക്കല്‍ നേരത്തെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വീണ്ടും പ്രദേശത്ത് മണ്ണെടുക്കല്‍ പുനരാരംഭിച്ചു. ബിപിസിഎല്ലിന്റെ നിര്‍മാണത്തിന് കരാറെടുത്ത സ്ഥാപനമാണ് പ്രദേശത്ത് കുന്നിടിക്കുന്നത്. പരിശോധനകളില്ലാതെയാണ് മണ്ണെടുക്കാന്‍ അധികൃതര്‍ പാരിസ്ഥിതിക അനുമതി നല്‍കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കുന്നിടിക്കുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിനൊപ്പം പ്രദേശത്തെ നെല്‍കൃഷിയും നശിക്കും. വീണ്ടും ജനകീയപ്രതിഷേധം ശക്തമായതോടെ കുന്നിടിക്കലിന് നിരോധനമേര്‍പ്പെടുത്തികൊണ്ട് മുളന്തുരുത്തി പഞ്ചായത്ത് ഉത്തരവിറക്കി. പ്രതിഷേധത്തിന്‍റെ ഭാഗമായി മനുഷ്യസംഗമവും പ്രതിഷേധജ്വാലയും സംഘടിപ്പിച്ചു.