പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെ അധിക്ഷേപിച്ച് എം എം മണി
പൊമ്പിളൈ ഒരുമൈയുടെ സമരത്തെ അധിക്ഷേപിച്ച് മന്ത്രി എം എം മണി
പൊമ്പിളൈ ഒരുമൈയുടെ സമരത്തെ അധിക്ഷേപിച്ച് മന്ത്രി എം എം മണി- "പൊമ്പിളൈ ഒരുമൈ നടന്നു. അന്നും കുടീം സകല വൃത്തികേടും നടന്നിട്ടുണ്ടവിടെ. മനസ്സിലായില്ലേ. ആ വനത്തില്‍. അടുത്തുള്ള കാട്ടിലായിരുന്നു പണിയന്ന്. ഒരു ഡിവൈഎസ്പിയുണ്ടായിരുന്നന്ന്. എന്നാ സജിയോ. ആ എല്ലാരുംകൂടെ കൂടി. ഇതൊക്കെ ഞങ്ങക്കറിയാം. മനസ്സിലായില്ലേ. ഞാനത് പറഞ്ഞു ഇവിടെ. ചാനലുകാരും കൂടെ പൊറുതിയാന്ന് പറഞ്ഞിട്ടുണ്ടിന്നലെ. പലതും കേള്‍ക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല" എന്നാണ് മണി പ്രസംഗിച്ചത്.
മണിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷപ്രതികരണവുമായി പൊമ്പിളൈ ഒരുമൈ നേതാക്കള്‍ രംഗത്തെത്തി. മണി കാലില്‍ വീണ് മാപ്പ് പറയണം. മണി മന്ത്രിസ്ഥാനം രാജിവെക്കണം. രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്നും പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി വ്യക്തമാക്കി.
"തോട്ടം തൊഴിലാളി സ്ത്രീകളെക്കുറിച്ച് നിങ്ങള്‍ക്കെന്തെറിയാം? തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ വേശ്യകളാണെന്നാണോ ധാരണ? കുടുംബം പുലര്‍ത്താന്‍ തോട്ടത്തില്‍ തൊഴില്‍ ചെയ്യുന്നവരാണ് ഞങ്ങള്‍. മണി രാജിവെക്കുന്നതു വരെ സമരം ചെയ്യും"- ഗോമതി പറഞ്ഞു.
പ്രതിഷേധത്തെ തുടര്‍ന്ന് അശ്ലീല പരാമര്‍ശത്തില്‍ എം എം മണി ഖേദം പ്രകടിപ്പിച്ചു. താന്‍ പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. തൊടുപുഴയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം എം മണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും രംഗത്തെത്തിയിരുന്നു. മണിയുടെ പ്രസ്താവന ശരിയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ സമരമാണ് പൊമ്പിളൈ ഒരുമൈ നടത്തിയത്. അത്തരത്തിലാണ് ആ സമരത്തെ കാണേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പിണറായി മന്ത്രിസഭയിലെ രണ്ട് സിപിഎം മന്ത്രിമാരും മണിയുടെ പ്രസ്താവനയെ വിമര്‍ശിച്ചു. ആര്‍ക്കും എന്തും വിളിച്ചു പറയാമെന്ന സമീപനം നല്ലതല്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. മന്ത്രി എന്ന നിലയില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് എം എം മണി പറഞ്ഞതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. പരാമര്‍ശം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍ന്നാണ് മണിയുടെ ഖേദപ്രകടനം.