താമരശ്ശേരി ചുരം അറ്റകുറ്റപ്പണിക്ക് 86 ലക്ഷം അനുവദിച്ചു
താമരശ്ശേരി ചുരം റോഡിന്‍റെ ശോച്യാവസ്ഥയെകുറിച്ചുള്ള മീഡിയവണ്‍ വാര്‍ത്താ പരമ്പരയെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍.
കോഴിക്കോട് താമരശ്ശേരി ചുരം അറ്റകുറ്റപണിക്കായി 86 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാന ഫണ്ടില്‍ നിന്നും തുക ദേശീയപാത ചീഫ് എഞ്ചിനീയര്‍ വഴി അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. താമരശ്ശേരി ചുരം റോഡിന്‍റെ ശോച്യാവസ്ഥയെകുറിച്ചുള്ള മീഡിയവണ്‍ വാര്‍ത്താ പരമ്പരയെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍.
മഴക്കാലമായാല്‍ റോഡുകള്‍ തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെടുന്നതാണ് താമരശ്ശേരി ചുരത്തിലെ അവസ്ഥ. ഇതോടെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടും. ഇതിന് പരിഹാരമായാണ് അടിയന്തരമായി അറ്റകുറ്റപണി നടത്താനുള്ള അനുമതി നല്കിയത്.
താമരശ്ശേരി ചുരത്തിലെ 2,4,9 ഒഴികെയുള്ള മുടിപ്പിന്‍ വളവുകളുടെയും റോഡിന്‍റെയും അറ്റകുറ്റപ്പണി നടത്തുന്നതിനാണ് 86 ലക്ഷം രൂപ അനുവദിച്ചത്. ഗതാഗതകുരുക്കിനുള്ള ശാശ്വത പരിഹാരമായി ഇന്‍ര്‍ലോക്ക് സംവിധാനം നടപ്പാക്കുന്നതിനുള്ള അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ഇതിനാവശ്യമായി വരുന്ന 0.92 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.
നിലവില്‍ 3.5 ഹെയര്‍പിന്‍ വളവുകള്‍ വീതികൂട്ടി പുനരുദ്ധാരണം നടത്തുന്നതിനായി 19.75 കോടി രൂപയുടെ പ്രവൃത്തിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. വനം വകുപ്പിന്‍റെ അനുവാദം ലഭിക്കുന്നതോടെ പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.