കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജിലെ ഹൌസ് സര്‍ജന്‍മാരുടെ സമരം 9 ദിവസം പിന്നിട്ടു
സമരം തുടര്‍ന്നാല്‍ നടപടിയുണ്ടാകുമെന്ന് മാനേജ്മെന്‍റ്
തിരുവനന്തപുരം കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജിലെ ഹൌസ് സര്‍ജന്‍മാരുടെ സമരം 9 ദിവസം പിന്നിട്ടു. സ്റ്റൈപ്പന്റ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹൌസ് സര്‍ജന്‍മാര്‍ സമരം നടത്തുന്നത്.
സര്‍ക്കാര്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോളജുകളില്‍ ഹൌസ് സര്‍ജന്‍മാര്‍ക്ക് ഇരുപതിനായിരം രൂപയാണ് സ്റ്റൈപ്പന്‍റ് നല്‍കുന്നത്. എന്നാല്‍ ജയിംസ് കമ്മിറ്റിയുടെയും ആരോഗ്യ സര്‍വകലാശാലയുടെയും നിര്‍ദേശമുണ്ടായിട്ടും തങ്ങള്‍ക്ക് സ്റ്റൈപ്പന്റ് ഇനത്തില്‍ 3795 രൂപയാണ് ലഭിക്കുന്നത് ഹൌസ് സര്‍ജന്‍മാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ എണ്ണായിരം രൂപയാക്കി സ്റ്റൈപ്പന്‍റ് ഉയര്‍ത്താമെന്ന് മാനേജ്മെന്‍റ് പറഞ്ഞെങ്കിലും രേഖാമൂലമുള്ള ഉറപ്പ് നല്‍കിയില്ലെന്നും ഇവര്‍ പറഞ്ഞു. സമരം തുടരുകയാണെങ്കില്‍ നടപടികളെടുക്കുമെന്ന് മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയതായും യുവഡോക്ടര്‍മാര്‍ പറയുന്നു. സ്റ്റൈപ്പന്‍റ് വര്‍ധിപ്പിക്കണമെന്ന ആവശ്യം മാനേജ്മെന്‍റ് പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരം തുടരുന്നതെന്ന് ഹൌസ് സര്‍ജന്‍മാര്‍ പറഞ്ഞു.