'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍'; ജേക്കബ് തോമസിനെതിരെ നടപടിക്ക് നീക്കം
സസ്പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെതിരെ ആത്മകഥ എഴുതിയതിന്റെ പേരില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നീക്കം.
സസ്പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെതിരെ ആത്മകഥ എഴുതിയതിന്റെ പേരില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നീക്കം. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകം ജേക്കബ് തോമസ് എഴുതിയത് ചട്ടം ലംഘിച്ചാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അച്ചടക്ക നടപടി എടുക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി പോള്‍ ആന്റണി ജേക്കബ് തോമസിനോട് അടുത്ത ദിവസം വിശദീകരണം തേടും.
ജേക്കബ് തോമസ് ആത്മകഥ എഴുതിയത് സര്‍വ്വീസ് ചട്ടം ലംഘിച്ചാണെന്ന ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് മുഖ്യമന്ത്രി തുടര്‍ നടപടികള്‍ക്ക് വേണ്ടി ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇതേത്തുടര്‍ന്നാണ് ജേക്കബ് തോമസിനോട് ചീഫ് സെക്രട്ടറി വീണ്ടും വിശദീകരണം തേടുക. തുടര്‍ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ 15 ദിവസത്തിനകം വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെടുക.
അംഗീകരിക്കാന്‍ കഴിയാത്ത വിശദീകരണമാണങ്കില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ കമ്മിറ്റിയെ തുടര്‍നടപടികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചുമതലപ്പെടുത്തും. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റേ പേരില്‍ നിലവില്‍ സസ്പെന്‍ഷനില്‍ കഴിയുകയാണ് ജേക്കബ് തോമസ്.