സ്വന്തം പേരിലുള്ള ഭൂമി വീണ്ടെടുക്കാന്‍ ആറ് വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്ന വൃദ്ധ
കരം സ്വീകരിക്കാതിരിക്കാന്‍ വിചിത്രമായ കാരണമാണ് വില്ലേജ് ഓഫീസ് പറയുന്നത്. ചില ബന്ധുക്കള്‍ കൂടി അവകാശമുന്നയിച്ചതിനാല്‍ പരാതിക്കാരെല്ലാം ഒന്നിച്ചുവന്നാല്‍ കരം സ്വീകരിക്കാമെന്നാണ് അവരുടെ വാദം.
സ്വന്തം പേരിലുള്ള ഭൂമി വീണ്ടെടുക്കുന്നതിനായി 6 വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് കൊല്ലം വടക്കേവിള സ്വദേശിനിയായ അസ്മാ ബീവി. ആകെയുളള 16 സെന്‍റ് ഭൂമി ചില ബന്ധുക്കള്‍ കൈയ്യടക്കിയതിനാല്‍ കരം അടയ്ക്കാന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ല. വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടേറിയറ്റ് വരെ കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ല.
കൊല്ലം കലക്ടടറേറ്റിലെ ഒരു ഇടനാഴിയില്‍ വച്ചാണ് ഞങ്ങള്‍ അസ്മാ ബീവിയെന്ന 81 കാരിയെ കണ്ടുമുട്ടിയത്. ഇടറിയ ശബ്ദവും പ്രയാധിക്യം തളര്‍ത്തിയ വാക്കുകളും. ഭര്‍ത്താവിന്റെ മരണശേഷം അസ്മാബീവിക്കും നാല് പെണ്‍മക്കള്‍ക്കുമായി ലഭിച്ചതാണ് 16 സെന്‍റ് ഭൂമി. 2001 വരെ ഇതിന് കരം അടച്ചു. എന്നാല്‍ ഭൂമിക്ക് സമീപം ഹൈവേ ബൈപ്പാസ് വരുമെന്നായതോടെ ബന്ധുക്കളില്‍ ചിലര്‍ സ്ഥലത്തില്‍ അവകാശം ഉന്നയിച്ചു. വില്ലേജ് ഓഫീസില്‍ കരം സ്വീകരിക്കുന്നത് നിര്‍ത്തിവപ്പിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സെക്രട്ടേറിയറ്റ് വരെ കയറി ഇറങ്ങിയെങ്കിലും എവിടെ നിന്നും നീതി കിട്ടിയില്ല.
കരം സ്വീകരിക്കാതിരിക്കാന്‍ വിചിത്രമായ കാരണമാണ് വില്ലേജ് ഓഫീസ് പറയുന്നത്. ചില ബന്ധുക്കള്‍ കൂടി അവകാശമുന്നയിച്ചതിനാല്‍ പരാതിക്കാരെല്ലാം ഒന്നിച്ചുവന്നാല്‍ കരം സ്വീകരിക്കാമെന്നാണ് അവരുടെ വാദം. വലിയ ബാധ്യതകളുമായി വാടക വീട്ടില്‍ കഴിയുന്ന ഒരു പാവം വൃദ്ധയുടെയും അവരുടെ പെണ്‍മക്കളുടെയും പ്രതീക്ഷകളാണ് നിയമത്തിന്‍റെ നൂലാമാലകളില്‍ ചുറ്റി തല്ലിക്കെടുത്തുന്നത്.