ആര്‍സിസിയില്‍ ചികിത്സയിലിരിക്കെ എച്ച്ഐവി ബാധിച്ച കുട്ടിയുടെ തുടര്‍ചികിത്സ ആശങ്കയില്‍
ചെന്നൈ റീജനല്‍ സെന്‍ററില്‍ നടത്തിയ വിദഗ്ധ പരിശോധനാഫലം ഇതുവരെ കിട്ടിയില്ല.
ആര്‍സിസിയില്‍ ചികിത്സയിലിരിക്കെ എച്ച്ഐവി ബാധിച്ച ഒമ്പത് വയസ്സുകാരിയുടെ തുടര്‍ചികിത്സ ആശങ്കയിലെന്ന് കുടുംബം. ചെന്നൈ റീജനല്‍ സെന്‍ററില്‍ നടത്തിയ വിദഗ്ധ പരിശോധനാഫലം ഇതുവരെ കിട്ടിയില്ല. തുടര്‍ചികിത്സ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തെങ്കിലും കാര്യമായ ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.
ചെന്നൈ റീജനല്‍ സെന്‍ററില്‍ നടത്തിയ വിദഗ്ധ പരിശോധനയുടെ ഫലം രണ്ടാഴ്ചക്കുള്ളില്‍ കിട്ടുമെന്നാണ് ആര്‍സിസി അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ ഫലം കിട്ടിയിട്ടില്ല. തുടര്‍ചികിത്സയെ കുറിച്ചാണെങ്കില്‍ ഒരറിവുമില്ല. അതേസമയം, എച്ച്ഐവി ചികിത്സയെ കുറിച്ച് ഡോക്ടര്‍മാര്‍ ചര്‍ച്ച ചെയ്യുന്നത് സംശയത്തിനിടയാക്കുന്നുവെന്നും കുട്ടിയുടെ പിതാവ് പറയുന്നു.
എച്ച്ഐവി ആണെന്നറിഞ്ഞപ്പോള്‍ ഒരുപാട് മാനസികപീഡനങ്ങള്‍ നേരിട്ടു. ആശുപത്രി വിട്ടാല്‍ എന്തായിരിക്കും ഭാവിയെന്നറിയില്ല. ദീപാവലി അവധിയായത് കൊണ്ടായിരിക്കും റീജനല്‍ സെന്‍ററില്‍ നിന്ന് ഫലം വൈകിയതെന്നാണ് ആര്‍സിസി ഡയറക്ടര്‍ മീഡിയവണിന് നല്‍കിയ മറുപടി. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍ചികിത്സയെ കുറിച്ച് ആലോചിക്കുമെന്നാണ് ആര്‍സിസി അധികൃതര്‍ പറയുന്നത്.