കശുവണ്ടി കോര്‍പറേഷന്‍ ആസ്ഥാനത്ത് വിജിലന്‍സ് റെയിഡ്
പരിശോധനയില്‍ നിരവധി രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു
കശുവണ്ടി അഴിമതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കോര്‍പറേഷന്‍ ആസ്ഥാനത്ത് വിജിലന്‍സിന്റെ റെയിഡ്. അന്വേഷണം ആരംഭിക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. പരിശോധനയില്‍ നിരവധി രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു.
കശുവണ്ടി വികസന കോര്‍പ്പറേഷന്റെ മുന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരനെ ഒന്നാം പ്രതിയായും മുന്‍ എംഡി കെ എ രതീഷിനെ രണ്ടാം പ്രതിയായും ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടരന്വേഷണം ആരംഭിക്കുന്നതിന്റെ ഭാഗമായി വിജിലന്‍സിന്റെ കൊല്ലം യൂണിറ്റ് ഇന്ന് കശുവണ്ടി കോര്‍പ്പറേഷന്റെ ആസ്ഥാനത്ത് റെയിഡ് നടത്തി. ഫിനാന്‍സ് വിഭാഗത്തിലെ ചില രേഖകളും 2014-15 സാമ്പത്തിക വര്‍ഷത്തിലെ ഗുണനിലവാര പരിശോധനാ റിപ്പോര്‍ട്ടും വിജിലന്‍സ് പിടിച്ചെടുത്തു. വിജിലന്‍സ് ഡിവൈഎസ്‍പി എന്‍ ജിജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കോര്‍പറേഷന്റെ ഇപ്പോഴത്തെ എംഡി കെ ജീവന്‍ ബാബു ഐഎഎസിനെ നേരില്‍ കണ്ട വിജിലന്‍സ് സംഘം കൂടുതല്‍ ഫയലുകള്‍ കൈമറേണ്ടി വരുമെന്ന വിവരവും ധരിപ്പിച്ചു. 2015 ഓഗസ്റ്റില്‍ നടത്തിയ തോട്ടണ്ടി ഇടപാടിലെ ക്രമക്കേടുകളെ കുറിച്ചാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്.