പെരൂമ്പാവൂരില്‍ യുഡിഎഫിന് അട്ടിമറി വിജയം
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പെരുമ്പാവൂരില്‍ എംഎല്‍എയായിരുന്ന സിപിഎമ്മിന്റെ സാജൂപോളിനെ കോണ്‍ഗ്രസിന്റെ എല്‍ദോസ് കുന്നപ്പള്ളിയാണ് തോല്പിച്ചത്.
എറണാകുളം ജില്ലിയില്‍ എല്‍ ഡി എഫിനെപ്പോലെ തന്നെ അട്ടിമറി വിജയം യുഡിഎഫും നേടി. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പെരുമ്പാവൂരില്‍ എംഎല്‍എയായിരുന്ന സിപിഎമ്മിന്റെ സാജൂപോളിനെ കോണ്‍ഗ്രസിന്റെ എല്‍ദോസ് കുന്നപ്പള്ളിയാണ് തോല്പിച്ചത്. കേരളത്തെ ഞെട്ടിച്ച ജിഷ കൊലപാതകമുള്‍പ്പടെയുള്ള വിഷയങ്ങള്‍ പെരുമ്പാവൂരില്‍ ജയപരാജയങ്ങള്‍ നിര്‍ണ്ണയിച്ചുവെന്ന് വേണം കരുതാന്‍.
വിജയ പ്രതീക്ഷയിലായിരുന്ന സിറ്റിംഗ് എംഎല്‍എ സാജൂ പോളിനെ 7088 വോട്ടുകള്‍ക്കാണ് മുന്‍ എറണാകുളം ജീല്ല പഞ്ചായത്ത് പ്രസിഡണ്ട് എല്‍ദോസ് കുന്നപ്പള്ളി പരാജയപ്പെടുത്തിയത്. പൂര്‍ണ്ണമായും രാഷ്ട്രീയ വിജയമാണ് തനിക്കുണ്ടായാതെന്ന് എല്‍ദോസ് പറയുന്നു. ജിഷയുടെ കൊലപാതകം വോട്ടിനായി ഉപയോഗിച്ചിട്ടില്ല. വികസന പ്രശ്നങ്ങളാണ് പ്രധാന ചര്ച്ചയാതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏതെങ്കിലും തരത്തില്‍ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്നും ജനങ്ങള്‍ക്കിടയില്‍ ഇനിയുമുണ്ടാകുമെന്നും സാജു പോള്‍ പ്രതികരിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാലത്തെ പ്രതിച്ഛായ എല്‍ ഡി എഫിന്റെ കുത്തക തകര്‍ക്കാന്‍ എല്‍ദോസ് കുന്നപ്പള്ളിക്ക് ഗുണകരമായിയെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്.