പാലക്കാട് ജില്ലയില്‍ കര്‍ഷകര്‍ക്ക് കൂട്ടത്തോടെ ജപ്തി നോട്ടീസ്
ഒഴലപ്പതി വില്ലേജില്‍മാത്രം നോട്ടീസ് ലഭിച്ചത് 57കര്‍ഷകര്‍ക്ക്
പാലക്കാട് കിഴക്കന്‍ അതിര്‍ത്തി മേഖലയിലെ കര്‍ഷകര്‍ക്ക് കൂട്ടത്തോടെ ബാങ്കുകളുടെ ജപ്തി നോട്ടീസ്. നടപടിക്രമങ്ങളുടെ ഭാഗമായി ഈടുവെച്ച ഭൂമി അധികൃതര്‍ അളന്നു തിട്ടപ്പെടുത്തിതുടങ്ങി. ഒഴലപ്പതി വില്ലേജില്‍ മാത്രം 57 കര്‍ഷകര്‍ക്കാണ് നോട്ടീസ് ലഭിച്ചത്.
കൊഴിഞ്ഞാമ്പാറ വടകരപ്പതി പഞ്ചായത്തിലെ നൂറോളം കര്‍ഷകരാണ് ജപ്തി ഭീഷണി നേരിടുന്നത്. ഒഴലപ്പതി വില്ലേജില്‍ മാത്രം 57 പേര്‍ക്ക് നോട്ടീസ് ലഭിച്ചെന്ന് കര്‍ഷകര്‍ പറയുന്നു. വില്ലേജ് ഒഫീസുകളില്‍ നിന്നും അധികൃതരെത്തി സ്ഥലം തിട്ടപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ തുടങ്ങി. ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും ക്രോപ്പ് ലോണുകള്‍ നേടിയവരാണിവര്‍.
വിവിധ കാരണങ്ങളാല്‍ കൃഷി നശിച്ചതും വിലയിടിവുമായിരുന്നു തുക തിരിച്ചടക്കുന്നതിനെ ബാധിച്ചത്. പലിശയും മുതലുമടക്കം വലിയ തുക കര്‍ഷകര്‍ തിരിച്ചടക്കാനുണ്ട്. ആത്മഹത്യയല്ലാതെ ഇനി മറ്റ് രക്ഷയില്ലെന്ന് കര്‍ഷകര്‍.
തെരഞ്ഞെടുപ്പടുത്തതിലുള്ള സാങ്കേതിക പ്രശ്നങ്ങള്‍കാരണം നിര്‍ത്തിവെച്ച നടപടികളാണ് ഇപ്പോള്‍ പുനരാരംഭിച്ചത്. ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണമെന്നും പലിശ എഴുതിതള്ളുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.