നികേഷ് ഇന്ന് മണ്ഡലത്തിലെത്തും; ഷാജി ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കി
ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ അഴീക്കോട് പ്രചാരണ ചൂടിലേക്ക്
ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ അഴീക്കോട് പ്രചാരണ ചൂടിലേക്ക്. ദിവസങ്ങള്‍ക്ക് മുമ്പെ പ്രചാരണം തുടങ്ങിയ യുഡിഎഫ് സ്ഥാനാര്‍ഥി കെ എം ഷാജി മണ്ഡലത്തില്‍ ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍ ഇന്ന് മണ്ഡലത്തില്‍ പര്യടനം തുടങ്ങും.
ലീഗിലെ യുവ നേതാവ് കെ എം ഷാജിക്കെതിരെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എം വി രാഘവന്റെ മകനുമായ എം വി നികേഷ് കുമാര്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ സംസ്ഥാനത്തെ ഗ്ലാമര്‍ പോരാട്ടം നടക്കുന്ന മണ്ഡലമായി അഴീക്കോട് മാറിയിരിക്കുന്നു. ഏറെ ആശങ്കകള്‍ക്ക് ഒടുവിലായിരുന്നു നികേഷിന്റെ സ്ഥാനാര്‍ഥിത്വം സിപിഎം ഉറപ്പിച്ചതെങ്കില്‍ ലീഗ് പക്ഷെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പേ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു. കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയിച്ച കെ എം ഷാജി ഇത്തവണ മണ്ഡലത്തില്‍ രണ്ടാംഘട്ട പര്യടനം ആരംഭിച്ച് കഴിഞ്ഞു. എതിര് സ്ഥാനാര്‍ഥിയെക്കുറിച്ച് എന്ത് പറയുന്നു എന്ന ചോദ്യത്തോട് താനും നല്ല ഗ്ലാമറാണ് എന്ന് ഷാജിയുടെ മറുപടി.
ഇടത് സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍ ഇന്ന് മണ്ഡലത്തില്‍ പ്രചരണം തുടങ്ങും. രാവിലെ വടകരയില്‍ പി ജയരാജനെ സന്ദര്‍ശിച്ചതിനു ശേഷമാകും നികേഷ് കണ്ണൂരിലെത്തുക. സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെത്തുന്ന നികേഷ് എകെജി പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ഇടത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്നാവും മണ്ഡലത്തില്‍ പര്യടനം തുടങ്ങുക.