പാട്ടത്തുക നല്‍കാതെ നീര ഉദ്പാദന കമ്പനി കര്‍ഷകരെ വഞ്ചിച്ചെന്ന് പരാതി

Update: 2018-05-20 08:39 GMT
Editor : Sithara
പാട്ടത്തുക നല്‍കാതെ നീര ഉദ്പാദന കമ്പനി കര്‍ഷകരെ വഞ്ചിച്ചെന്ന് പരാതി
Advertising

കൊല്ലം മണ്‍റോത്തുരുത്തിലെ ആയിരകണക്കിന് തെങ്ങുകള്‍ പാട്ടത്തിന് എടുത്ത ശേഷം പാട്ടത്തുക നല്‍കാതെ കര്‍ഷകരെ വഞ്ചിച്ചെന്നാണ് പരാതി

സംസ്ഥാനത്തെ ആദ്യത്തെ നീര ഉദ്പാദന കേന്ദ്രമായ കൈപ്പുഴ കമ്പനിയുടെ പേരില്‍ കേരകര്‍ഷകരെ വഞ്ചിച്ചതായി പരാതി. കൊല്ലം മണ്‍റോത്തുരുത്തിലെ ആയിരകണക്കിന് തെങ്ങുകള്‍ പാട്ടത്തിന് എടുത്ത ശേഷം പാട്ടത്തുക നല്‍കാതെ കര്‍ഷകരെ വഞ്ചിച്ചെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നീരയ്ക്കായി തെങ്ങുകള്‍ പാട്ടത്തിന് നല്‍കിയ കൊല്ലം മണ്‍റോ തുരുത്തിലെ കര്‍ഷകര്‍ വരുമാനമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്.

കൈപ്പുഴ നീര ഉദ്പാദന കമ്പനി ഇക്കഴിഞ്ഞ ജൂണിലാണ് കൊല്ലം മണ്‍റോ തുരുത്തിലുള്ള ആയിരത്തിലധികം തെങ്ങുകള്‍ കര്‍ഷകരില്‍ നിന്നും പാട്ടത്തിനെടുത്തത്. നീര ഉദ്പാദനത്തിനായി തെങ്ങ് ഒന്നിന് പ്രതിമാസം 1000 രൂപ നല്‍കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. എന്നാല്‍ രണ്ട് മാസങ്ങള്‍ക്കിപ്പുറവും കര്‍ഷകര്‍ക്ക് ഒരു രൂപ പോലും നല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ല. തെങ്ങിന്‍ കൂമ്പ് ചെത്തി കന്നാസുകള്‍ സ്ഥാപിച്ചതല്ലാതെ കമ്പനി അധികൃതര്‍ പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന കര്‍ഷകര്‍ പറയുന്നു.

നീരയ്ക്കായി ഉപയോഗിക്കപ്പെട്ടതിനാല്‍ തെങ്ങുകളില്‍ നിന്ന് ഇനി പ്രതീക്ഷിച്ച വിളവ് ലഭിക്കുമോ എന്ന ആശങ്കയിലാണ് മണ്‍റോ തുരുത്തിലെ കര്‍ഷകര്‍. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നായതോടെ കര്‍ഷകര്‍ക്ക് താത്കാലിക ആശ്വാസമെന്ന നിലയില്‍ 500 രൂപ വിതം നല്‍കുമെന്ന് കഴിഞ്ഞ് ദിവസം രാത്രി കൈപ്പുഴ കമ്പനി അധികൃതര്‍ കര്‍ഷകരെ അറിയിച്ചിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News