സമരവേദിയില്‍ ചാണകവെള്ളം തളിച്ച സംഭവം; മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തിരിക്കുന്നത്
കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ സമരവേദിയില്‍ ചാണകവെളളം തളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തിരിക്കുന്നത്.
കൊടിക്കുന്നില്‍ സുരേഷ് എംപി സമരം നടത്തിയ വേദിയില്‍ ചാണകവെള്ളം തളിച്ചതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് മഹിളാമാര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരവും അനുമതിയില്ലാതെ സംഘം ചേരല്‍ അടക്കം ഐപിസിയിലെ വിവിധ വകുപ്പുകളും ഉള്‍ക്കൊള്ളിച്ചാണ് കേസ്. കൊട്ടാരക്കര ഡിവൈഎസ്പി ജെ ജേക്കബിനാണ് അന്വേഷണചുമതല. സംഭവത്തിന്റെ ദൃശ്യങ്ങളും മറ്റും പരിശോധിച്ച ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊല്ലം-ചെങ്കോട്ട പാതയോടുള്ള റെയില്‍വേ അവഗണനക്കെതിരെയാണ് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് മുന്‍പില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി 24 മണിക്കൂര്‍ ഉപവാസം കൊടിക്കുന്നില്‍ സുരേഷ് എം.പി നടത്തിയത്. സമരം അവസാനിച്ചതിന് പിന്നാലെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ സമരവേദിയിലെത്തി ചാണകവെള്ളം തളിക്കുകയായിരുന്നു. റെയില്‍വേ അവഗണനയെന്ന് കള്ളം പറഞ്ഞ് നടത്തിയ സമരവേദി ശുദ്ധമാക്കാനെന്ന് പറഞ്ഞാണ് ചാണകവെള്ളം തളിച്ചത്.