ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ നിര്‍ണായക മൊഴി

Update: 2018-05-20 18:43 GMT
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ നിര്‍ണായക മൊഴി
Advertising

ഉരുട്ടാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും കട്ടിലും ബെഞ്ചും ഫൊറന്‍സിക് ഡയറക്ടര്‍ കോടതിയില്‍ തിരിച്ചറിഞ്ഞു. ഉരുട്ടന്നതിന് ആവശ്യമായ വസ്തുക്കള്‍ കൊണ്ടുവന്നത് പോരൂര്‍ക്കട എസ്എപി ക്യാമ്പില്‍..

ഏറെ കോളിളക്കം സൃഷ്ടിച്ച തിരുവനന്തപുരത്തെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിൽ നിര്‍ണായക വഴിത്തിരിവ്. ഉദയകുമാറിനെ ഉരുട്ടുന്നതിന് ഉപയോഗിച്ച ഇരുമ്പ് കമ്പി മുന്‍ ഫോറന്‍സിക് അസിസ്റ്റന്റ് ഡയറക്ടര്‍ തോമസ് അലക്സാണ്ടര്‍ തിരിച്ചറിഞ്ഞു. ഉരുട്ടുന്നതിന് ആവശ്യമായ വസ്തുക്കള്‍ കൊണ്ടുവന്നത് പോരൂര്‍ക്കട എസ്എപി ക്യാമ്പില്‍ നിന്നാണെന്ന നിര്‍ണായക മൊഴിയും സിബിഐ കോടതിക്ക് ഇന്ന് ലഭിച്ചു.

Full View

ഉരുട്ടിക്കൊലക്കേസില്‍ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ നടക്കുന്ന വിചാരണക്കിടെയാണ് പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടിയാകുന്ന നിര്‍ണ്ണായക മൊഴികള്‍ രേഖപ്പെടുത്തിയത്. ഉദയകുമാറിനെ ഉരുട്ടുന്നതിന് ഉപയോഗിച്ച ഇരുമ്പ് കമ്പി മുന്‍ ഫോറന്‍സിക് അസിസ്റ്റന്റ് ഡയറക്ടര്‍ തോമസ് അലക്സാണ്ടര്‍ തിരിച്ചറിഞ്ഞു. ഉരുട്ടാന്‍ ഉപയോഗിച്ച കട്ടിലും, ബഞ്ചും തിരിച്ചറിഞ്ഞിട്ടുണ്ട്. ഉരുട്ടന്നതിന് ആവശ്യമായ വസ്തുക്കള്‍ കൊണ്ടുവന്നത് എസ്എപി ക്യാമ്പില്‍ നിന്നാണെന്ന മൊഴി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ റൈറ്റര്‍ ഗോപകുമാര്‍ നല്‍കി.

ലോക്കപ്പ് മര്‍ദ്ദനത്തെത്തുടര്‍ന്നാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടതെന്ന ശാസ്ത്രീയ സ്ഥിരീകരണ മൊഴി കഴിഞ്ഞ ദിവസം ഫോറന്‍സിക് വിദഗ്ധ ഡോ. ശ്രീകുമാരി നല്‍കിയിരുന്നു. 2005 സെപ്റ്റംബര്‍ 27-ന് മോഷണ കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ പോലീസ് ഉരുട്ടി കൊന്നുവെന്നാണ് സിബിഐ കുറ്റപത്രം. ഫോര്‍ട്ട് സ്റ്റേഷനിലെ പോലീസുകാരായിരുന്ന കെ ജിതകുമാര്‍, എസ്വി ശ്രീകുമാര്‍, കെ സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉരുട്ടിയെന്നാണ് സിബിഐ കണ്ടെത്തല്‍. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മറ്റ് നാല് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്.

Tags:    

Similar News