അട്ടപ്പാടിയിലെ ശൌചാലയം പദ്ധതിയില്‍ തീരുമാനമായില്ല
എല്ലാ വീടുകളിലും ശൌചാലയം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സംസ്ഥാനം ഒരുങ്ങുമ്പോള്‍ അട്ടപ്പാടിയില്‍ മാത്രം അയ്യായിരത്തോളം കുടുംബങ്ങള്‍ക്ക് ശൌചാലയമില്ല
എല്ലാ വീടുകളിലും ശൌചാലയം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സംസ്ഥാനം ഒരുങ്ങുമ്പോള്‍ അട്ടപ്പാടിയില്‍ മാത്രം അയ്യായിരത്തോളം കുടുംബങ്ങള്‍ക്ക് ശൌചാലയമില്ല. അട്ടപ്പാടിയില്‍ പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച് തീരുമാനമായില്ലന്നാണ് കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചത്.
പാലക്കാട് ജില്ലയില്‍ ആവശ്യമുള്ള ഇരുപത്തയ്യായിരത്തി മുന്നൂറോളം ശൌചാലയങ്ങളില്‍ മൂവായിരത്തി എഴുനൂറ്റി ഇരുപതെണ്ണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍, പുതൂര്‍ എന്നിവകൂടാതെ മുതലമട, നെല്ലിയാമ്പതി തുടങ്ങി ഏഴ് പഞ്ചായത്തുകളില്‍ പദ്ധതി നടത്തിപ്പ് നിര്‍ണായകവും ദുഷ്കരവുമാണ്. അട്ടപ്പാടിയില്‍ മാത്രം അയ്യായിരത്തോളം കുടുംബങ്ങള്‍ക്ക് ശൌചാലയമില്ല. ഇവിടെ പദ്ധതി എങ്ങനെ നടപ്പാക്കണമെന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍ അടക്കമുള്ള ഏജന്‍സികളെ പദ്ധതി നടത്തിപ്പ് ഏല്‍പ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളേക്കാള്‍ ശൌചാലയങ്ങള്‍ ആവശ്യമുള്ളത് മറ്റു വിഭാഗങ്ങള്‍ക്കാണെന്ന് വിവിധ ജില്ലകളില്‍ നിന്ന് ലഭിക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ളവയടക്കം മൂന്ന് ലക്ഷം ശൌചാലയങ്ങളാണ് കേരളത്തില്‍ നിര്‍മിക്കേണ്ടത്. സെപ്തംബര്‍ ഇരുപതിനകം ഇത് പൂര്‍ത്തിയാക്കി കേരള പിറവി ദിനത്തില്‍ കേരളത്തെ തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.