വെള്ളമില്ലെങ്കിലും ഓണസമ്മാനമായി ബില്ലെത്തി
ഇത്ര ഉപയോഗം ഒരു വീട്ടിലുണ്ടായാല്‍ വീടു മുങ്ങും
ഓണത്തിന് വെള്ളം നിഷേധിച്ച് ജല വിഭവ വകുപ്പ്. കോടികള്‍ മുടക്കി സ്ഥാപിച്ച ജപ്പാന്‍ കുടിവെള്ള പദ്ധതി നടക്കുന്ന ചേര്‍ത്തലയില്‍ മിക്ക ദിവസവും ജനങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നില്ല. വെള്ളം ലഭിക്കാത്ത ഉപഭോക്താവിന് ഞെട്ടിപ്പിക്കുന്ന ബില്ലാണ് ജല വിഭവ വകുപ്പ് ഓണ സമ്മാനമായി നല്‍കിയത്.
കഴിഞ്ഞമാസം തുടര്‍ച്ചയായി പതിനഞ്ച് ദിവസത്തിലധികം വെള്ളം ലഭിക്കാതിരുന്ന ഒരു ഉപഭോക്താവിന് ലഭിച്ച ബില്ലാണിത്. അടക്കേണ്ട തുക 91,640 രൂപ. ഉപയോഗിച്ച വെള്ളം 2,356 കിലോ ലിറ്റര്‍. അതായത് ഒരു ദിവസം ശരാശരി 34.1 കിലോ ലിറ്റർ വെള്ളം. ഇത്ര ഉപയോഗം ഒരു വീട്ടിലുണ്ടായാല്‍ വീടു മുങ്ങും. എല്ലാ ദിവസവും വെള്ളം ലഭിച്ചാല്‍ തന്നെ ഒരു ദിവസം 2കിലോ ലിറ്റർ വെള്ളം ഉപയോഗിക്കുന്ന ഉപഭോക്താവ് ഈ ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ്.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ജപ്പാന്റെ ധന സഹായത്തോടെ സ്ഥാപിച്ച വലിയ പദ്ധതി വഴി വെള്ളം പല ദിവസങ്ങളിലും ലഭിക്കുന്നില്ല. ഓണം തുടങ്ങിയിട്ടും കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്നും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.