ചെങ്ങന്നൂരില്‍ കെ എം മാണിയുമായി സഹകരണം വേണ്ടെന്ന നിലപാടില്‍ സിപിഐ ദേശീയ നേതൃത്വവും
സിപിഐയുടേത് വിചിത്രമായ നിലപാടാണെന്ന് കെ എം മാണി
ചെങ്ങന്നൂരില്‍ കെ എം മാണിയുമായി സഹകരണം വേണ്ടെന്ന തീരുമാനത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം. സംസ്ഥാന സെക്രട്ടറി പറഞ്ഞതാണ് സിപിഐ നിലപാടെന്ന് മുതിര്‍ന്ന നേതാവ് ഡി രാജ പറഞ്ഞു. സിപിഐയുടേത് വിചിത്രമായ നിലപാടാണെന്ന് കെ എം മാണി പ്രതികരിച്ചു.
കെ എം മാണിയുമായി സഹകരിക്കുന്നതിനെതിരെ സി പി ഐ സംസ്ഥാന ഘടകം ഉറച്ച നിലപാടെടുത്ത സാഹചര്യത്തില്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ സിപിഎം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആദ്യ കൂടിക്കാഴ്ച ഡല്‍ഹിയില്‍ നടക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ മുന്നണിയില്‍ ഭിന്നതയുണ്ടെന്ന് സിപിഐ ജനറല്‍ സെക്രട്ടറി തന്നെ സ്ഥിരീകരിക്കുയും ചെയ്തു. ഇതിന് പിന്നാലെ മാണിയുടെ സഹകരണം വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവര്‍ത്തിച്ചു. ഇതിനെ പിന്തുണക്കുന്നതാണ് ഡി രാജയുടെ പ്രതികരണം.
സി പി ഐയുടെ നിലപാടില്‍ ആശ്ചര്യം പ്രകടിപ്പിച്ച കെ എം മാണി. ചെങ്ങന്നൂരിലെ ഇടത് സ്ഥാനാർത്ഥി സജി ചെറിയാൻ നേരിട്ട് വന്ന് വോട്ട് ചോദിച്ചുവെന്നും വ്യക്തമാക്കി. സി പി ഐയെ അനുനയിപ്പിച്ച് മാണി സഹകരണം യാഥാര്‍ഥ്യമാക്കാനുള്ള സി പി എം നീക്കമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.