നഴ്സുമാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു
അലവന്‍സിനായി നിയമപോരാട്ടം തുടരും
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കും ലോങ്ങ് മാർച്ചും പിൻവലിച്ചു. വേതന വർധന സംബന്ധിച്ചുള്ള സർക്കാർ വിജ്ഞാപനം പുറത്തിറങ്ങിയ സാഹചര്യത്തിലാണ് നടപടി. അലവൻസ് വർധനക്കായി നിയമ പോരാട്ടം തുടരാനും തീരുമാനം.
20000 രൂപ അടിസ്ഥാന ശമ്പളം എന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞ സാഹചര്യത്തിലാണ് പണിമുടക്കും ലോങ്ങ് മാർച്ചും പിൻവലിക്കാൻ യുഎൻഎ തീരുമാനിച്ചത്. തുടക്കക്കാർക്ക് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 20000 - 30000 രൂപ വരെ ശമ്പളം കിട്ടുമെന്നത് നേട്ടമായി നഴ്സുമാരുടെ സംഘടന കരുതുന്നു.
കരട് വിജ്ഞാപനം അനുസരിച്ചുള്ള അലവൻസ് ലഭിക്കാത്തതാണ് പ്രധാന പ്രശ്നം. 6000 മുതൽ 10000 വരെ കുറവ് ഉണ്ടായിട്ടുണ്ട്. ഭൂരിഭാഗം ആശുപത്രികളുമുള്ള 200 മുതൽ 300 കിടക്കയുള്ള ആശുപത്രികളിലാണ് ഇത് കൂടുതൽ പ്രതിഫലിക്കുക. വേതന വർധന ഉത്തരവ് ഇറങ്ങിയതിനാൽ അലവൻസ് വർധനക്കായി നിയമപോരാട്ടം നടത്തിയാൽ മതിയെന്നാണ് സംഘടനയുടെ വിലയിരുത്തൽ.
സുപ്രിം കോടതിയുടെ അനുകൂല വിധിയുള്ളതും നിയമപോരാട്ടത്തിന് അനുകൂലമാണ്. ആശുപത്രി സ്തംഭനത്തിലേക്കെത്തുന്ന സമരം ഒഴിവാക്കണമെന്ന് സർക്കാർ അഭ്യർഥിച്ചതും ഹൈക്കോടതിയിൽ നിന്ന് പ്രതികൂല നിലപാടുണ്ടായേക്കാവുന്ന വിലയിരുത്തലും സമരം പിൻവലിക്കാൻ കാരണമായിട്ടുണ്ടെന്നാണ് സൂചന.
244 ദിവസമായി തുടരുന്ന കെ.വി.എം അശുപത്രി സമരം അവസാനിപ്പിക്കുന്നതിന് വേണ്ടിയുളള നിയമ പോരാട്ടവും പ്രക്ഷോഭങ്ങളും ശക്തിപ്പെടുത്തുമെന്നും യുഎന്‍എ നേതാക്കൾ അറിയിച്ചു.