നേമം തോല്‍വി: കെപിസിസി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ജെഡിയു
നേമത്തെ തോല്‍വിയെക്കുറിച്ച് അന്വേഷിച്ച കെപിസിസി കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ജെഡിയു സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്.
നേമത്ത് വോട്ടുകച്ചവടം നടത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് ജെഡിയു. തോൽവിയുടെ കാരണങ്ങള്‍ വിശദീകരിക്കുന്ന കെപിസിസി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി യുഡിഎഫ് യോഗം വിളിക്കണം. പാലക്കാട്ടെ തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ ഗതി നേമത്തെ റിപ്പോര്‍ട്ടിന് സംഭവിക്കരുതെന്നും ഡെഡിയു സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ച ഉപസമിതി നേമത്തെ തോല്‍വി സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. നേമത്ത‌് കോണ്‍ഗ്രസ് നേതാക്കള്‍ വോട്ട് കച്ചവടം നടത്തിയതായും യുഡിഎഫിനെ രാഷ്ട്രീയമായി വഞ്ചിച്ചതായും റിപ്പോര്‍ട്ടിലുള്ള പരാമര്‍ശങ്ങള്‍ ഗൌരവമുള്ളതാണെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. വിഷയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കെപിസിസി നേതൃത്വത്തിന് മാറിനില്‍ക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട്ടെ തോല്‍വിയെക്കുറിച്ച് അന്വേഷിച്ച റിപ്പോര്‍ട്ടിന്മേല്‍ യഥാസമയം നടപടിയെടുത്തിരുന്നെങ്കില്‍. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്റ് സീറ്റ് ആവശ്യപ്പടുമെന്നും. പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത എവിടെയും ഇനി മത്സരിക്കില്ലെന്നും വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കി.