ആലപ്പുഴയില്‍ കൊതുകുനിവാരണം സ്തംഭനത്തില്‍
ഡെങ്കിപ്പനി ബാധയും എച്ച് വണ്‍ എന്‍ വണ്‍ പനി ബാധയും സ്ഥിരീകരിച്ചിട്ടും ആലപ്പുഴ ജില്ലയില്‍ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നില്ല.
ഡെങ്കിപ്പനി ബാധയും എച്ച് വണ്‍ എന്‍ വണ്‍ പനി ബാധയും സ്ഥിരീകരിച്ചിട്ടും ആലപ്പുഴ ജില്ലയില്‍ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നില്ല. നഗരസഭാ അതിര്‍ത്തിക്കുള്ളിലും ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളിലും കൊതുകു നിവാരണപ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്. മാരകമായ പനിബാധ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും ആരോഗ്യ വകുപ്പ് അധികൃതരും ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുന്നില്ല.
ഏറ്റവുമധികം കൊതുകു ശല്യം അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് ആലപ്പുഴ. നഗരത്തിലും പരിസര പ്രദേശങ്ങളിലുമൊക്കെ കെട്ടിക്കിടക്കുന്ന വെള്ളം ധാരാളമുള്ളതും ജലാശയങ്ങള്‍ വേനല്‍ക്കാലത്ത് വെള്ളം കുറഞ്ഞ് ഒഴുക്കു നിലച്ച് കൊതുകിന്‍റെ പ്രജനനത്തിന് അനുകൂലമാവുന്നതുമാണ് പ്രധാന കാരണം. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ തന്നെ ജില്ലയില്‍ ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിന്‍റെ രേഖകള്‍ പറയുന്നു. ഇപ്പോള്‍ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമെല്ലാമായി ദിവസവും നൂറു കണക്കിനാളുകളാണ് പനിബാധിതരായി എത്തുന്നത്. എന്നിട്ടും നഗരസഭാ പ്രദേശത്തും ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും ഫോഗിങ്ങ്, സ്പ്രേയിങ്ങ് എന്നിവയൊക്കെ നിലച്ചിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ കാനകള്‍ വൃത്തിയാക്കുന്ന പ്രവൃത്തിയും നടക്കുന്നില്ല. ആരോഗ്യവകുപ്പും ഇക്കാര്യത്തില്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ല.
നഗരത്തിലെ കനാലുകള്‍ വൃത്തിയാക്കാനും മാലിന്യം നീക്കാനും സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചെങ്കിലും അത് കടലാസില്‍ ഒതുങ്ങുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇക്കാര്യത്തില്‍ പ്രധാന വെല്ലുവിളിയാവുന്നത്.