ബ്ലേഡ് മാഫിയ വീട്ടിൽ നിന്നും ഇറക്കിവിട്ട 90 വയസുകാരി മൂന്ന് ദിവസമായി വീട്ടുമുറ്റത്ത്
മഴയും തണുപ്പുമേറ്റ് വീട്ട് മുറ്റത്ത് കഴിയുന്ന 90 വയസുകാരിയുടെ ആരോഗ്യനില ഓരോ ദിവസവും വഷളാകുകയാണ്
കൊല്ലം ഏരുരിൽ ബ്ലേഡ് മാഫിയ വീട്ടിൽ നിന്നും ഇറക്കിവിട്ട 90 വയസുകാരി മൂന്ന് ദിവസമായി വീട്ട് മുറ്റത്ത് കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല. ഇവരുടെ സ്വത്തുക്കൾ ബ്ലേഡ് മാഫിയ എഴുതി വാങ്ങിയതിനാൽ നിയമ നടപടി സാധ്യമല്ലെന്നാണ് പൊലീസ് നിലപാട്. അതേ സമയം മഴയും തണുപ്പുമേറ്റ് വീട്ട് മുറ്റത്ത് കഴിയുന്ന 90 വയസുകാരിയുടെ ആരോഗ്യനില ഓരോ ദിവസവും വഷളാകുകയാണ്.
ബ്ലേഡ് മാഫിയ ചിത്തിര ഷൈജുവിന്റെ മനുഷ്യത്വ രഹിതമായ നടപടിക്കെതിരെ ചെറുവിരലനക്കാൻ പോലും നമ്മുടെ നിയമ സംവിധാനത്തിനും പൊലീസിനും മൂന്ന് ദിവസത്തിനിപ്പുറവും സാധിക്കുന്നില്ല. വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട 90 വയസുകാരി മഴയും കാറ്റും മഞ്ഞുമേറ്റ് വീടിന്റ മുന്നിൽ കിടക്കുകയാണ്. ഗുണ്ടാ തലവനെ തിരെ പ്രതികരിക്കാൻ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാകുന്നില്ല. സിപിഐ നേതാക്കൾ വൈദ്യസഹായം എത്തിക്കാനെങ്കിലും ഇടപെട്ടപ്പോൾ കോൺഗ്രസ് സിപിഎം- ബിജെപി നേതാക്കൾ തിരിഞ്ഞു പോലും നോക്കിയിട്ടില്ല. മുന്നിൽ ആത്മമഹത്യയല്ലാതെ മറ്റു വഴികളില്ലെന്ന് കുടുംബം പറയുന്നു. അതേ സമയം കുടുംബത്തെ ഇവിടെ നിന്നും ഒഴിപ്പിക്കാൻ ഷൈജു കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധനയ്ക്കെത്തി.