തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് ജി സുധാകരന്‍
വിഎസ് വോട്ടു ചെയ്യുമ്പോള്‍ നോക്കിയെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. വിഎസ് വോട്ടു ചെയ്യുമ്പോള്‍ നോക്കിയെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ബൂര്‍ഷ്വാ മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് വേട്ടയാടുമ്പോള്‍ ദേശാഭിമാനി പോലും തന്നെ സംരക്ഷിക്കുന്നില്ല. തനിക്ക് നീതി നിഷേധിക്കപ്പെട്ടെന്നും ജി. സുധാകരന്‍ പറഞ്ഞു. ആരെന്ത് പറഞ്ഞാലും വെണ്ടയ്ക്കാ അക്ഷരത്തില്‍ കൊടുക്കുന്ന ദേശാഭിമാനിക്ക് തന്റെ നേരെയുണ്ടായ ആക്രമണങ്ങളൊന്നും വാര്‍ത്തയല്ലെന്നും ജി.സുധാകരന്‍ പറഞ്ഞു.
താന്‍ ചട്ടലംഘനം നടത്തിയിട്ടില്ല, വീഴച്ച ഉണ്ടായത് പോലീസിന്റെ ഭാഗത്താണ്. വോട്ട് ചെയ്യാന്‍ വന്ന വി.എസിനും കുടുംബത്തിനുമൊപ്പം സ്ഥാനാര്‍ഥിയായ തനിക്കും പോളിംഗ് ബൂത്തില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരും കാഴ്ച്ചക്കാരുമായി നൂറുകണക്കിന് ആളുകള്‍ പോളിംഗ് ബൂത്തിലേക്ക് ഇടിച്ചു കയറിയപ്പോള്‍ പോലീസ് അത് തടഞ്ഞില്ല.
വ്യക്തിപരമായിട്ടല്ല സി.പി.എം. നേതാവ് എന്ന നിലയിലാണ് തനിക്ക് നേരെ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവുന്നത് എന്നിട്ടും തനിക്ക് സംരക്ഷണം തരാന്‍ പാര്‍ട്ടി പത്രത്തിന് സാധിച്ചില്ല. ദേശാഭിമാനിയുടെ ആലപ്പുഴ നേത്യത്വമാണ് തന്നെ അകറ്റി നിര്‍ത്തുന്നത്. തനിക്കെതിരെ വര്‍ഗ്ഗീയ ചുവയുള്ള നിരവധി ലഘുലേഖകള്‍ എതിരാളികള്‍ മണ്ഡലത്തില്‍ വിതരണം ചെയ്തിട്ടും ആരും അതിനോട് പ്രതികരിച്ചില്ല.