കണ്ണൂര്‍ വിമാനത്താവളത്തിനായി മരം മുറിക്കല്‍: മുഖ്യമന്ത്രിക്കെതിരെ അന്വേഷണം
മുഖ്യമന്ത്രിക്കും കെ ബാബുവിനുമെതിരെ ദ്രുതപരിശോധന നടത്താനാണ് ഉത്തരവ്.
കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.ബാബു, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവരടക്കം ഒന്‍പത് പേര്‍ക്കെതിരെ ക്വിക്ക് വേരിഫിക്കേഷന് വിജിലന്‍സ് കോടതി ഉത്തരവിട്ടു. വിമാനത്താവളത്തിനായി മരം മുറിച്ച് മാറ്റിയതിലും ഭൂമി കൈമാറിയതിലും അഴിമതി നടന്നെന്ന പരാതിയിലാണ് തലശേരി വിജിലന്‍സ് കോടതിയുടെ നടപടി.
വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട വിവിധ അഴിമതികള്‍ ചൂണ്ടിക്കാട്ടി ഇരിട്ടി പെരിങ്കിരി സ്വദേശി കെ.വി ജയിംസ് നല്‍കിയ പരാതിയിയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുളളവര്‍ക്കെതിരെ തലശേരി വിജിലന്‍സ് കോടതി ദ്രുത പരിശോധനക്ക് ഉത്തരവിട്ടത്. പദ്ധതി പ്രദേശത്തെ മരം മുറിച്ച് മാറ്റിയതുമായി ബന്ധപ്പെട്ടാണ് ആദ്യ പരാതി. 30420 മരങ്ങള്‍ മുറിച്ച് നീക്കാനായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മരം മുറി നിയന്ത്രണ കമ്മറ്റിയും അനുമതി നല്കിയത്. എന്നാല്‍ വ്യാജ ഉത്തരവുണ്ടാക്കി ഒരു ലക്ഷം മരങ്ങള്‍ മുറിച്ച് നീക്കിയെന്നും ഇത് വഴി സംസ്ഥാന സര്‍ക്കാരിന് 30 കോടിയിലേറെ രൂപ നഷ്ടം വരുത്തിയെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. ഒപ്പം കിയാലിന് 547 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഓഹരി വിഹിതമായും 70.40 ഏക്കര്‍ ഭൂമി ഏക്കറിന് 100 രൂപ നിരക്കില്‍ കൈമാറിയതിലും കോടികളുടെ അഴിമതി നടന്നതായും പരാതിയില്‍ പറയുന്നു. പരാതി ഫയലില്‍ സ്വീകരിച്ച തലശേരി വിജിന്‍സ് കോടതി ജഡ്ജ് വി ജയറാം അടുത്ത മാസം 17നകം അന്വേക്ഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.
ഇതിനൊപ്പം പ്രദേശത്തെ ചെങ്കല്‍ ഖനനം അടക്കമുളളവയില്‍ നടന്ന അഴിമതികളും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമാകും കേസില്‍ കോടതി തുടര്‍ നടപടികള്‍ സ്വീകരിക്കുക.