അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍
പദ്ധതി നടപ്പിലാക്കുന്നതിനുള്ള സമയ പരിധി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നീട്ടി നല്‍കിയിട്ടുണ്ടെന്ന് കടകംപള്ളി
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്കായുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോവുകയാണന്ന് വൈദ്യുതി മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും സിപിഐയും വ്യക്തമാക്കിയിട്ടുണ്ട്. 14 പുതിയ വൈദ്യുതി പദ്ധതികള്‍ കൂടി സംസ്ഥാനത്ത് ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
പരിസ്ഥിതി പ്രവര്‍ത്തകരുടെ വലിയ തോതിലുള്ള എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെയാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യമായാണ് പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നിലപാട് ക്യത്യമായി വ്യക്തമാക്കുന്നതും. ജലവൈദ്യുത പദ്ധതിക്കായുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് വൈദ്യുതി മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ രേഖാമൂലം സഭയെ അറിയിച്ചു. പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയങ്ങള്‍ നല്‍കിയ സമയം നീട്ടിനല്‍കിയിട്ടുണ്ടന്നും എന്‍ ജയരാജ് എംഎല്‍എക്ക് നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനത്തിലുള്ള എതിര്‍പ്പ് സിപിഐ ആവര്‍ത്തിച്ചു.
ജനങ്ങളുടെ എതിര്‍പ്പുണ്ടെങ്കിലും കൂടുതല്‍ സമയം എടുത്ത് സമവായം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കടകമ്പള്ളി സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 149 മെഗാവാട്ട് ശേഷിയുള്ള 14 ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കാര്യവും മന്ത്രി നിയമസഭയെ അറിയിച്ചു.
എന്നാല്‍ അതിരപ്പള്ളി പദ്ധതി നടപ്പിലാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം യുഡിഎഫ് ഒറ്റക്കെട്ടായി തീരുമാനിച്ചതാണ്. ഇതില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടുപോകാന്‍ യുഡിഎഫ് തയ്യാറല്ല. സമവായം ഉണ്ടാക്കി പദ്ധതി നടപ്പിലാക്കുമെന്ന വാദം അംഗീകരിക്കില്ല. പദ്ധതി വേണ്ടെന്നാണ് ഭൂരിപക്ഷ അഭിപ്രായമെന്നും രമേശ് ചെന്നിത്തല വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.