റിലയന്‍സ് കരാറിനെച്ചൊല്ലി നിലമ്പൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസ്-ലീഗ് പോര്
റിലയന്‍സ് ജിയോയുടെ കേബിള്‍ സ്ഥാപിക്കാനുള്ള കരാര്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്തില്ലെന്നും കരാറില്‍ സുതാര്യതയില്ലെന്നും മുസ്ലിം ലീഗ് ആരോപിച്ചു
റിലയന്‍സുമായുള്ള കരാറിനെ ചൊല്ലി നിലമ്പൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും പോരില്‍. റിലയന്‍സ് ജിയോയുടെ കേബിള്‍ സ്ഥാപിക്കാനുള്ള കരാര്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്തില്ലെന്നും കരാറില്‍ സുതാര്യതയില്ലെന്നും മുസ്ലിം ലീഗ് ആരോപിച്ചു.
ഈ വിഷയത്തില്‍ നഗരസഭാ ചെയര്‍പേഴ്സണെതിരെ എല്‍ഡിഎഫ് സമരത്തിലാണ്. നഗരസഭാ പരിധിയില്‍ റിലയന്‍സിന്റെ കേബിള്‍ സ്ഥാപിക്കാന്‍ കരാര്‍ ഒപ്പുവെച്ചത് കൌണ്‍സില്‍ യോഗത്തിന്റെ തീരുമാനം ഇല്ലാതെയാണ്. കരാറില്‍ അഴിമതിയുണ്ടെന്ന ആരോപണം ഇടതുപക്ഷ ത്തിനുണ്ട്. ഭരണ കക്ഷിയായ മുസ്ലിം ലീഗിനും സമാന നിലപാടാണ്. വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കരാറില്‍ സുതാര്യതയില്ലെന്നും ലീഗ് തുറന്നടിച്ചു.
പ്രതിപക്ഷത്തിന്റെ ആരോപണത്തിന് ശക്തി പകരുന്ന മുസ്ലിം ലീഗ് നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചെയര്‍പേഴ്സന്റെ മറുപടി ഇതായിരുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പോടെ ജില്ലയിലെ യുഡിഎഫില്‍ പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് കോണ്‍ഗ്രസും മുസ്ലിം ലീഗും അവകാശപ്പെട്ടിരുന്നു. ഇതിനു പിറകെയാണ് ആര്യാടന്‍ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരില്‍ ലീഗും കോണ്‍ഗ്രസും പോര് തുടങ്ങിയത്.